
ന്യൂഡൽഹി: സൂപ്പർതാരം വിരാട് കോലിക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കാൻ പണം വാഗ്ദാനം ചെയ്തുവെന്ന് ജർമൻ മോഡലിന്റെ വെളിപ്പെടുത്തൽ. ജർമൻ-സൗത്ത് ആഫ്രിക്കൻ ഇൻഫ്ലുവൻസറായ ലിസ്ലാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചില മാധ്യമസ്ഥാപനങ്ങൾ തന്നെ ബന്ധപ്പെടുകയും കോലിയെ അപകീർത്തിപ്പെടുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി അവർ പറയുന്നു. മുൻപ് വിരാട് കോലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ലിസ്ലാസിന്റെ ഒരു ചിത്രത്തിന് ലൈക്ക് ലഭിച്ചത് വലിയ ചർച്ചയായിരുന്നു.
ഫിൽമിമന്ത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസ്ലാസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കോലിക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ ചില മാധ്യമപ്രവർത്തകർ പണം വാഗ്ദാനം ചെയ്തുവെന്നാണ് അവർ പറയുന്നത്. വിരാട് കോലിയെ മോശപ്പെടുത്തുന്ന കാര്യങ്ങൾ പറയാനായി ചില മാധ്യമപ്രവർത്തകർ എനിക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരിക്കലും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ആരോപണങ്ങളായി ഉന്നയിക്കണമെന്നും ആവശ്യപ്പെട്ടു. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്, ലിസ്ലാസ് ചോദിച്ചു.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോലിയെന്നും പണത്തിനായോ പബ്ലിസിറ്റിക്കായോ അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കംവരുത്താൻ ഒരുതരത്തിലും ഉദ്ദേശിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. നേരത്തേ കോലിയുടെ അക്കൗണ്ടിൽനിന്ന് ലിസ്ലാസിന്റെ ഒരു ചിത്രത്തിന് ലൈക്ക് ലഭിച്ചതോടെയാണ് വിഷയം വൻ ചർച്ചയായത്. അതോടെ ജർമൻ മോഡൽ ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു. 2025-ൽ ഇന്ത്യൻ മോഡലായ അവ്നീത് കൗറിന്റെ ചിത്രത്തിനും സമാനമായ രീതിയിൽ കോലിയുടെ അക്കൗണ്ടിൽനിന്ന് ലൈക്ക് ലഭിച്ചിരുന്നു. എന്നാൽ, അന്ന് അതൊരു 'അൽഗൊരിതം ഗ്ലിച്ച്' ആണെന്ന് വ്യക്തമാക്കി കോലി രംഗത്തെത്തിയിരുന്നു.
വിരാട് കോലിയാണ് തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമെന്നും ഇന്ത്യയിൽ തനിക്ക് വീടുപോലെ തോന്നുന്ന ഇടം ബെംഗളൂരുവാണെന്നും മുൻപ് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആരാധികയായ ലിസ്ലാസ് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. അമ്മ ജർമൻ സ്വദേശിയും അച്ഛൻ ദക്ഷിണാഫ്രിക്കക്കാരനുമാണ്. ജർമൻ, ആഫ്രിക്കാൻസ് എന്നീ ഭാഷകൾക്ക് പുറമെ ഡച്ച്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ ലിസ്ലാസിന് പ്രാവീണ്യമുണ്ട്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഇവർ ഒരു സർട്ടിഫൈഡ് ലൈഫ് സേവിങ് നീന്തൽക്കാരി കൂടിയാണ്.
Content Highlights: German model LizLaz alleges media outlets offered bribes to defame Virat Kohli., The controversy stems from an accidental Instagram like on LizLaz's post by Kohli., LizLaz exposed the unethical practices in a recent interview with Filmymantra Media., The claims highlight the challenges celebrities face regarding media manipulation.
Published: 12 May 2026, 05:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented