കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കണമെന്നും വിരമിക്കല്‍ തീരുമാനം പുനരാലോചിക്കണമെന്നും ബിസിസിഐ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെയാണ് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഡല്‍ഹി പരിശീലകന്‍ ശരണ്‍ദീപ് സിങ്. വിരമിക്കലിന്റെ യാതൊരു സൂചനയും കോലി നല്‍കിയിരുന്നില്ലെന്നും ഡൽഹിക്കായി രഞ്ജി കളിക്കാനെത്തിയ താരം ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായും ശരണ്‍ദീപ് സിങ് പറഞ്ഞു. കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നുവരുന്ന സാഹചര്യത്തില്‍കൂടിയാണ് ശരണ്‍ദീു് സിങിന്റെ വെളിപ്പെടുത്തല്‍.
'ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതിന്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ല. അദ്ദേഹം റെഡ് ബോൾ ക്രിക്കറ്റ് കളിക്കാൻ വരുന്നതിനാൽ അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല. അന്ന് ഇംഗ്ലണ്ട് പരമ്പരയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അതിനാൽ ഇംഗ്ലണ്ടിനെതിരേ കളിക്കാൻ തയ്യാറെടുത്തിരുന്നു.'- ശരൺദീപ് സിങ് പ്രതികരിച്ചു.
പരമ്പരയ്ക്കായി നന്നായി തയ്യാറെടുക്കുമെന്ന് കോലി പറഞ്ഞിരുന്നുവെന്നും ഡൽഹി കോച്ച് വ്യക്തമാക്കി.'പരമാവധി സെഞ്ചുറികൾ നേടാനുള്ള ഒരുക്കത്തിലായിരുന്നു. 2018-ൽ ഇംഗ്ലണ്ടിൽ അത് ചെയ്തിട്ടുമുണ്ട്. അവിടെ ധാരാളം റൺസ് നേടിയിരുന്നു. രഞ്ജി ട്രോഫി കളിക്കാൻ വരുമ്പോൾ മറ്റൊരു സൂചനയും ഉണ്ടായിരുന്നില്ല. '
ഇംഗ്ലണ്ട് പര്യടനത്തിൽ അദ്ദേഹത്തെ കാണുമെന്ന് കരുതി. അദ്ദേഹം ഏറ്റവും മുതിർന്ന കളിക്കാരിലൊരാളാണ്. പ്രത്യേകിച്ച്, ഇംഗ്ലണ്ട് പര്യടനം വളരെ കഠിനമാണ്. അതുകൊണ്ട്, അദ്ദേഹമില്ലാതെ ഇന്ത്യൻ ടീം എങ്ങനെയാണ് ഇനി മുന്നോട്ട് പോകുകയെന്ന് നിശ്ചയമില്ലെന്നും ശരൺദീപ് സിങ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കോലി വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നത്.
2011-ൽ വെസ്റ്റ് ഇൻഡീസിനെതിരേയായിരുന്നു ടെസ്റ്റിൽ കോലിയുടെ അരങ്ങേറ്റം. ഈ വർഷം ഓസ്‌ട്രേലിയക്കെതിരേ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനമായി കളിച്ചത്. ടെസ്റ്റിൽ 14 സീസണുകളിലായി ഇന്ത്യൻ കുപ്പായമണിയുന്ന കോലി 123 ടെസ്റ്റുകളിൽ കളിച്ചു. 9230 റൺസ് നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 ജയം നേടി. ഇന്ത്യയെ കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. ക്യാപ്റ്റനായിരിക്കുന്ന കാലത്ത് ബാറ്ററായും തിളങ്ങി. ഏഴ് ഇരട്ടസെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിനുശേഷം ട്വന്റി-20 ക്രിക്കറ്റിൽനിന്ന് കോലി വിരമിച്ചിരുന്നു. ഇനി ഏകദിനത്തിൽ മാത്രമാണ് താരത്തെ കാണാനാവുക
Content Highlights: kohli prepared for england test series retirement revealation delhi coach
Published: 13 May 2025, 01:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented