തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ ഒന്നാമിന്നിങ്സ് ലീഡെടുത്ത് കേരളം. ആദ്യ ഇന്നിങ്സിൽ 233 റൺസിന് പുറത്തായ കേരളത്തിന് 73 റൺസ് ലീഡുണ്ട്. നേരത്തേ സൗരാഷ്ട്ര ഒന്നാമിന്നിങ്സിൽ 160 റൺസിന് ഓൾഔട്ടായിരുന്നു. രോഹൻ കുന്നുമ്മൽ, ബാബ അപരാജിത് എന്നിവരുടെ അർധസെഞ്ചുറികളാണ് കേരളത്തിന് തുണയായത്.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിനെ രോഹൻ കുന്നുമ്മലും അഹമ്മദ് ഇമ്രാനും ചേർന്ന് നൂറുകടത്തി. എന്നാൽ കേരളം 21 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ ഇമ്രാൻ പുറത്തായി. 10 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ ബാബ അപരാജിതുമായി ചേർന്നാണ് രോഹൻ കുന്നുമ്മൽ ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. പിന്നാലെ 80 റൺസെടുത്ത് രോഹനും ഡക്കായി ക്യാപ്റ്റൻ അസറുദ്ദീനും കൂടാരം കയറി. അതോടെ കേരളം 136-5 എന്ന നിലയിലായി.
പിന്നീട് ബാബ അപരാജിതും അങ്കിത് ശർമയും ചേർന്നാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും സൗരാഷ്ട്ര ബൗളർമാരെ ശ്രദ്ധയോടെ നേരിട്ടു. ആറാം വിക്കറ്റിൽ ചെറുത്തുനിന്നതോടെ കേരളം ഒന്നാമിന്നിങ്സ് ലീഡും സ്വന്തമാക്കി. ബാബ അപരാജിതും അങ്കിത് ശർമയും ചേർന്ന് സ്കോർ ഇരുന്നൂറ് കടത്തുകയും ചെയ്തു. എന്നാൽ വിക്കറ്റുകൾ നഷ്ടമായതോടെ കേരളം പ്രതിരോധത്തിലായി. ബാബ അപരാജിത് 69 റൺസും അങ്കിത് ശർമ 38 റൺസുമെടുത്ത് പുറത്തായി. വരുണ്‍ നായനാര്‍, ബേസില്‍ എന്നിവര്‍ ഡക്കരായി മടങ്ങിയപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം നാലുറണ്‍സെടുത്ത് പുറത്തായി. ഒടുക്കം 233 റൺസിന് കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. സൗരാഷ്ട്രയ്ക്കായി ജയദേവ് ഉനദ്കട്ട് നാലുവിക്കറ്റെടുത്തു.
ആദ്യ ഇന്നിങ്സിൽ രോഹൻ കുന്നുമ്മലും എ.കെ. ആകർഷും ചേർന്നാണ് കേരളത്തിന്റെ ഇന്നിങ്സ് ആരംഭിച്ചത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. രോഹൻ കുന്നുമ്മൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതോടെ അതിവേഗത്തിലാണ് കേരളത്തിൻ്റെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. ആദ്യദിനം ആകർഷ് (18) സച്ചിൻ ബേബി(1) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ഹിതെൻ കാംബിയാണ് ഇരു വിക്കറ്റുകളും നേടിയത്. നേരത്തേ ആദ്യ ഇന്നിങ്സിൽ സൗരാഷ്ട്രയെ 160 റൺസിന് കേരളം ഓൾഔട്ടാക്കിയിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ നിധീഷാണ് സൗരാഷ്ട്രയെ തകർത്തത്. ബാബ അപരാജിത് മൂന്നും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Content Highlights: Kerala vs Saurashtra ranji trophy
Published: 09 Nov 2025, 03:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented