ഇന്ദോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് സമനില. കേരളം മുന്നോട്ടുവെച്ച 404 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശിന്റെ ഇന്നിങ്‌സ് നാലാം ദിനം എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. മധ്യപ്രദേശിന്റെ അവസാന രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ കേരളം പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ ആദ്യ ഇന്നിങ്സ് ലീഡുള്ളതിനാൽ കേരളത്തിന് മൂന്നുപോയന്റ് ലഭിക്കും. കേരളം: 281, 314-5 ഡിക്ല. മധ്യപ്രദേശ്: 192, 167-8
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയില്‍ നാലാംദിനം രണ്ടാമിന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളത്തിനായി സച്ചിന്‍ ബേബിയും ബാബ അപരാജിത്തും സെഞ്ചുറി നേടി. ഇരുവരും മധ്യപ്രദേശ് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ കേരളത്തിന് കൂറ്റൻ ലീഡ് സമ്മാനിച്ചു. എന്നാല്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ അപരാജിത് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. 105 റണ്‍സെടുത്താണ് താരം മടങ്ങിയത്. പകരമെത്തിയ അഹമ്മദ് ഇമ്രാനൊപ്പം ചേര്‍ന്ന് സച്ചിന്‍ ബേബി ടീമിനെ മുന്നൂറിലെത്തിച്ചു. 24 റണ്‍സെടുത്ത് അഹമ്മദ് ഇമ്രാന്‍ പുറത്തായി. ഒടുവില്‍ 314-5 എന്ന നിലയില്‍ കേരളം ഡിക്ലയര്‍ ചെയ്തു. സച്ചിന്‍ ബേബി 122 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
കേരളം ഡിക്ലയര്‍ ചെയ്തതോടെ മധ്യപ്രദേശിന്റെ വിജയലക്ഷ്യം 404 റണ്‍സായി. രണ്ട് സെഷനില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയാല്‍ കേരളത്തിനും ജയിക്കാമെന്ന സ്ഥിതി. ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിനെ കേരളം തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കി. മുന്‍നിര വിക്കറ്റുകള്‍ പിഴുത് കേരള ബൗളര്‍മാര്‍ കരുത്തുകാട്ടി. ഹര്‍ഷ് ഗാവാലി(0), യാഷ് ദുബെയ്(19), ഹിമാന്‍ഷു (26) എന്നിവര്‍ കൂടാരം കയറിയതോടെ മധ്യപ്രദേശ് 52-3 എന്ന നിലയിലായി. ഹര്‍പ്രീത് സിങ് ഭാട്ട്യയും(13) പിന്നാലെ 18 റണ്‍സെടുത്ത ശുഭം ശര്‍മ റണ്ണൗട്ടായും പുറത്തായതോടെ ടീം 78-5 എന്ന നിലയിലേക്ക് വീണു. നാലുവിക്കറ്റുകളും വീഴ്ത്തി മധ്യപ്രദേശിനെ കുരുക്കിയത് ശ്രീഹരി എസ് നായരായിരുന്നു.
31 റണ്‍സെടുത്ത സരന്‍ഷ് ജെയിനാണ് മധ്യപ്രദേശിനായി അല്‍പ്പമെങ്കിലും പൊരുതിയത്. റിഷഭ് ചൗഹാന്‍(7), അര്‍ഷാദ് ഖാന്‍ എന്നിവരേയും പുറത്താക്കി കേരളം ജയത്തിനരികെയെത്തി. എട്ടുവിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലേക്ക് മധ്യപ്രദേശ് വീണു. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ കേരളത്തിന് ജയിക്കാമെന്ന നില. എന്നാൽ ആര്യൻ പാണ്ഡെയും(23) കുമാർ കാർത്തികേയയും(16) വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നു. കേരള ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും ഇരുവരേയും പുറത്താക്കാനായില്ല. ഒടുവിൽ 167-8 എന്ന നിലയിൽ നാലാം ദിനം കളിയവസാനിച്ചു.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ കേരളം 281-ന് പുറത്തായിരുന്നു. സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ പുറത്തായ ബാബ അപരാജിതിന്റെ (98) മികവിലാണ് കേരളം ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഭിജിത് പ്രവീണും (60) അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ അഭിഷേക് നായര്‍ (47) മികച്ച തുടക്കം നല്‍കി. മധ്യപ്രദേശിനായി അര്‍ഷദ് ഖാന്‍ നാലും സാരംശ് ജെയിന്‍ മൂന്നും വിക്കറ്റുകള്‍ നേടി.
ഒന്നാമിന്നിങ്സിൽ മധ്യപ്രദേശിനെ 192 റൺസിന് ഓൾഔട്ടാക്കിയ കേരളം 89 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. 67 റൺസെടുത്ത സാരന്‍ഷ് ജെയിനാണ് ടീമിന്റെ ടോപ് സ്‌കോർ. ആര്യൻ പാണ്ഡെ 36 റൺസെടുത്തു. കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം നാലുവിക്കറ്റും എം.ഡി. നിധീഷ് മൂന്നുവിക്കറ്റുമെടുത്തു. വി. അഭിജിത് പ്രവീണ്‍, ബാബ അപരാജിത്, ശ്രീഹരി എസ്. നായർ എന്നിവര്‍ക്ക് ഓരോ വിക്കറ്റുമുണ്ട്.
Content Highlights: kerala madhya pradesh ranji trophy
Published: 19 Nov 2025, 05:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented