അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാദ ടീം ഹോട്ടലിലിരുന്ന് പുകവലിക്കുന്നതായി സംശയിക്കുന്ന വീഡിയോ പുറത്ത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഐപിഎല്ലിനെ ചുറ്റിപ്പറ്റി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്.

To advertise here,

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ റബാദയോട് സാദൃശ്യമുള്ള വ്യക്തി പുകവലിക്കുന്നതായാണുള്ളത്. ഗുജറാത്ത് ടൈറ്റൻസിന്റെ ട്രെയിനിങ് കിറ്റാണ് പുകവലിക്കുന്നയാൾ ധരിച്ചിരിക്കുന്നത്. ടൈറ്റൻസ് ട്രെയിനിങ് കിറ്റ് ധരിച്ച മറ്റുചിലരെയും ഈ ദൃശ്യങ്ങളിൽ ഒപ്പം കാണാം. വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

നേരത്തെ ഉത്തേജകമരുന്ന് നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസത്തെ വിലക്ക് നേരിട്ട ചരിത്രമുള്ള താരമാണ് റബാദ. കഴിഞ്ഞ ഐപിഎൽ സീസണിൽ സൗത്ത് ആഫ്രിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ് ഫ്രീ സ്‌പോർട്‌സ് ഏർപ്പെടുത്തിയ ഒരു മാസത്തെ വിലക്ക് റബാദ അനുഭവിച്ചിരുന്നു. ടൂർണമെന്റിനിടയിൽ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം വിലക്കിന് ശേഷമാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ, ആ വിലക്കിന് കാരണമായ ഉത്തേജകമരുന്ന് പരിശോധനയുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.

അതേസമയം, പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് റബാദയോ ഗുജറാത്ത് ടൈറ്റൻസ് ഫ്രാഞ്ചൈസിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സീസണിൽ ടൈറ്റൻസിനായി മികച്ച പ്രകടനമാണ് റബാദ നടത്തുന്നത്. ആറ് മത്സരങ്ങളിൽനിന്നായി താരം ഇതുവരെ 10 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.