
കല്പറ്റ: വനിതാ ക്രിക്കറ്റിൽ വയനാടിന്റെ താരത്തിളക്കം കൂട്ടി വി.ജെ. ജോഷിത ഇന്ത്യൻടീമിൽ. മലേഷ്യയിൽ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടംനേടിയാണ് ജോഷിത താരമായത്. മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്‌ലയ്ക്കും പിന്നാലെ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽനിന്നുള്ള പുത്തൻ താരോദയംകൂടിയാണ് വി.ജെ. ജോഷിത.
ഡിസംബർ ആദ്യവാരം പുണെയിൽ നടന്ന അണ്ടർ 19 ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തിലെ മികച്ചപ്രകടനമാണ് ജോഷിതയെ ഏഷ്യാകപ്പിനുള്ള ഇന്ത്യൻടീമിൽ എത്തിച്ചത്. ത്രിരാഷ്ട്രകപ്പിനുള്ള മത്സരത്തിൽ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തിൽ ഏഴുവിക്കറ്റെടുത്താണ് ഓൾറൗണ്ടറായ ജോഷിത തിളങ്ങിയത്. 15 മുതൽ മലേഷ്യയിലാണ് അണ്ടർ-19 ഏഷ്യാകപ്പ് മത്സരം. ലോകകപ്പിന് മുന്നോടിയായുള്ള മത്സരത്തിലും മികച്ചപ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ് താരം.
കുഞ്ഞുനാൾ മുതലേ ക്രിക്കറ്റിനോട് കൂട്ടുകൂടിയതാണ് കല്പറ്റ സ്വദേശിനിയായ ജോഷിത. കഴിഞ്ഞ ഏഴുവർഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. ഓരോ മത്സരങ്ങളിലും ജോഷിത മികച്ചപ്രകടനവുമായി മുന്നേറി.
കേരളത്തിന്റെ അണ്ടർ 19 ടീം ക്യാപ്റ്റൻ, ഡൽഹി ക്യാപിറ്റൽസിലെ നെറ്റ് ബോളർ അങ്ങനെ നേട്ടങ്ങളോരൊന്നും ജോഷിത നേടി. ക്രിക്കറ്റ് അസോസിയേഷൻ ഡിസ്ട്രിക്ട് കോച്ച് അമൽ ബാബുവിന്റെ കോച്ചിങ് ക്യാമ്പിലൂടെയാണ് ജോഷിത കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലെത്തിയത്. തുടർന്ന് കെ.സി.എ. പരിശീലകരായ ടി. ദീപ്തിയുടെയും ജസ്റ്റിൻ ഫെർണാണ്ടസിന്റെയും കീഴിലായിരുന്നു പരിശീലനം. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.
ജോഷിത പറയുന്നു...
എല്ലാവർക്കും നന്ദി, ഇനിയും മുന്നോട്ടുപോകാനുണ്ട്. ക്രിക്കറ്റിനെ ഗൗരവത്തിലെടുത്തപ്പോൾ മുതലുള്ള ആഗ്രഹമാണ് ഇന്ത്യൻടീമിൽ ഇടംനേടുകയെന്നത്. അണ്ടർ 19-ൽ ഇടംനേടാനായതിൽ സന്തോഷം. മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും. അതുവഴി ലോകകപ്പ് ടീമിൽ ഇടംനേടാനാണ് ആഗ്രഹം. ഇന്ത്യൻ സീനിയർ ടീമിൽ ഇടംനേടുകയാണ് ലക്ഷ്യം. അതിന് ഇനിയും മുന്നോട്ടുപോകാനുണ്ട്. പിന്തുണച്ച എല്ലാവർക്കും നന്ദി.
Content Highlights: Wayanad Kalpeta native VJ Joshitha selected in under 19 Indian cricket team for Asia cup
Published: 14 Dec 2024, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented