ആളുര്‍ (കര്‍ണാടക): പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും പന്തെറിഞ്ഞു. രസകരമായ കാര്യം എന്തെന്നാല്‍ ഇംഗ്ലണ്ട് ടീമിനു വേണ്ടിയായിരുന്നില്ല ആ പന്തേറ് എന്നതാണ്, മറിച്ച് ഇന്ത്യയില്‍ കര്‍ണാടക ടീമിനായി പകരക്കാരന്റെ റോളിലായിരുന്നു ആര്‍ച്ചര്‍.

To advertise here,

ഇന്ത്യയില്‍ 10 ദിവസത്തെ പ്രീ സീസണ്‍ പര്യടനത്തിലുള്ള കൗണ്ടി ക്ലബ്ബ് സസെക്‌സിനൊപ്പമാണ് ആര്‍ച്ചര്‍. സീനിയര്‍ താരങ്ങള്‍ക്കൊപ്പം അണ്ടര്‍ 19, അണ്ടര്‍ 23 താരങ്ങളും ഉള്‍പ്പെട്ട കര്‍ണാടക ടീമിനെതിരേ പരിശീലന മത്സരം കളിക്കുകയായിരുന്നു സസെക്‌സ്.

മത്സരത്തില്‍ ടോസ് നേടിയ സസെക്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ ദിനം സസെക്‌സിനായി ആര്‍ച്ചര്‍ പന്തെറിഞ്ഞില്ല. എന്നാല്‍ പിന്നീട് കര്‍ണാടകയ്ക്കായി പകരക്കാരനായി ഇറങ്ങി സസെക്‌സിന്റെ രണ്ടു വിക്കറ്റുകളും താരം വീഴ്ത്തി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

2022-ലെ താരലേലത്തില്‍ എട്ടു കോടി രൂപയ്ക്കായിരുന്നു മുംബൈ താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് 2022 ഐപിഎല്‍ പൂര്‍ണമായും നഷ്ടമായ ആര്‍ച്ചര്‍ കഴിഞ്ഞ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയിരുന്നു. പിന്നാലെ വീണ്ടും പരിക്കേറ്റതോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇക്കഴിഞ്ഞ ലേലത്തിനു മുമ്പ് മുംബൈ, താരത്തെ റിലീസ് ചെയ്യുകയും ചെയ്തു.