ലണ്ടന്‍: ഇംഗ്ലീഷ് ക്രിക്കറ്റിലെ റെക്കോഡ് ബുക്കില്‍ വീണ്ടും പേരെഴുതിച്ചേര്‍ത്ത് ജോ റൂട്ട്. ടെസ്റ്റില്‍ 34-ാം സെഞ്ചുറി കുറിച്ച റൂട്ട് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. 33 സെഞ്ചുറികള്‍ നേടിയ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കിനെയാണ് റൂട്ട് പിന്നിലാക്കിയത്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് റൂട്ടിന്റെ നേട്ടം. നേരത്തേ ഒന്നാം ഇന്നിങ്‌സിലും സെഞ്ചുറി (143) കുറിച്ച റൂട്ട്, ലോര്‍ഡ്‌സിലെ തന്റെ സെഞ്ചുറി നേട്ടം ഏഴായി ഉയര്‍ത്തി. 121 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറിയടക്കം 103 റണ്‍സെടുത്തു.

To advertise here,

തന്റെ 145-ാം ടെസ്റ്റിലാണ് റൂട്ട്, കുക്കിനെ മറികടന്നിരിക്കുന്നത്. 161 ടെസ്റ്റ് മത്സരങ്ങളില്‍നിന്നാണ് കുക്ക് 33 സെഞ്ചുറികള്‍ നേടിയത്.

ലോര്‍ഡ്‌സ് ഗ്രൗണ്ടിലെ ഏഴാം സെഞ്ചുറിയോടെ ഇവിടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോഡും റൂട്ടിന്റെ പേരിലായി. ലോര്‍ഡ്‌സില്‍ ആറ് സെഞ്ചുറികള്‍ വീതം നേടിയ ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. ജോര്‍ജ് ഹെഡ്ലി, ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവര്‍ക്കൊപ്പം ലോര്‍ഡ്സിലെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലെത്താനും റൂട്ടിനായി.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍

34 - ജോ റൂട്ട്
33 - അലെസ്റ്റര്‍ കുക്ക്
23 - കെവിന്‍ പീറ്റേഴ്‌സണ്‍
22 - വാലി ഹാമണ്ട്
22 - കോളിന്‍ കൗഡ്രി
22 - ജെഫ്രി ബോയ്‌ക്കോട്ട്
22 - ഇയാന്‍ ബെല്‍

ലോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇംഗ്ലണ്ട് താരങ്ങള്‍

7 - ജോ റൂട്ട്
6 - ഗ്രഹാം ഗൂച്ച്
6 - മൈക്കല്‍ വോണ്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അമ്പതോ അതിലധികമോ സെഞ്ചുറികള്‍ നേടിയ താരങ്ങള്‍

100 - സച്ചിന്‍ തെണ്ടുല്‍ക്കര്‍
80 - വിരാട് കോലി
71 - റിക്കി പോണ്ടിങ് 
63 - കുമാര്‍ സംഗക്കാര
62 - ജാക്ക് കാലിസ്
55 - ഹാഷിം അംല
54 - മഹേല ജയവര്‍ധനെ
53 - ബ്രയാന്‍ ലാറ
50 - ജോ റൂട്ട്

ലോര്‍ഡ്സില്‍ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി

106 & 107  ജോര്‍ജ്ജ് ഹെഡ്ലി, 1939-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ
333 & 123  ഗ്രഹാം ഗൂച്ച്, 1990-ല്‍ ഇന്ത്യയ്‌ക്കെതിരേ 
103 & 101* - മൈക്കല്‍ വോണ്‍, 2004-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ  
143 & 103 - ജോ റൂട്ട്, 2024-ല്‍ ശ്രീലങ്കയ്‌ക്കെതിരേ