ഇന്ത്യയുടെ ഭാവി ഇതിഹാസ താരമെന്നും സച്ചിന്റെ പിന്‍ഗാമിയെന്നും വാഴ്ത്തപ്പെട്ട ബാറ്ററായിരുന്നു പൃഥ്വി ഷാ. എന്നാല്‍, ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഒരു ടീം പോലും താരത്തെ ലേലത്തില്‍ വിളിച്ചെടുത്തില്ല. അലസതയും അച്ചടക്കമില്ലായ്മയും മടിയുമാണ് പൃഥ്വി ഷായുടെ കരിയര്‍ അവസാനിക്കാന്‍ കാരണമെന്നാണ് ഉന്നയിക്കപ്പെടുന്ന ആരോപണം.

To advertise here,

കഴിഞ്ഞ ദിവസം പൃഥ്വി ഷായ്‌ക്കെതിരെ ബിസിസിഐയുടെ മുന്‍ സെലക്ടര്‍ രംഗത്തെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും ഉപദേശിച്ചിട്ടും പൃഥ്വി ഷാ നന്നായില്ലെന്നും വിനോദ് കാംബ്ലിയുടെ വഴിയേയാണ് പൃഥ്വി ഷാ സഞ്ചരിക്കുന്നതെന്നും മുന്‍ സെലക്ടര്‍ ആരോപിച്ചു. 

2020-ല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ പൃഥ്വി ഷായെ നേരില്‍ കണ്ട് സച്ചിന്‍ ഉപദേശിച്ചിരുന്നു. പ്രതിഭകള്‍ ഒരുപാടുള്ള നാട്ടില്‍ അച്ചടക്കവും സ്വയം നിയന്ത്രിക്കാനുള്ള കഴിവുമാണ് ഒരാളെ മികച്ച ക്രിക്കറ്റ് താരമാക്കുന്നതെന്നാണ് സച്ചിന്‍ പൃഥ്വിയോട് പറഞ്ഞത്. തന്റെ ബാല്യകാല സുഹൃത്തായ വിനോദ് കാംബ്ലിയുടെ ജീവിതം അറിയാവുന്നതിനാല്‍ സച്ചിന് ഇത് പറയാനാവും. സച്ചിനേക്കാള്‍ പ്രതിഭയുണ്ടായിട്ടും കാംബ്ലി എവിടെയാണ് എത്തിയതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൃഥ്വി ഷായും ഇതേ വഴിയിലൂടെ പോകുന്നത് കണ്ടപ്പോഴാണ് സച്ചിന്‍ ഉപദേശിച്ചത്. 

ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിക്കുന്ന സമയത്ത് ഗാംഗുലിയും റിക്കി പോണ്ടിങ്ങും അണ്ടര്‍ 19 ടീമില്‍ ആയിരുന്നപ്പോള്‍ രാഹുല്‍ ദ്രാവിഡും പൃഥി ഷായെ 'നന്നാക്കാന്‍' നോക്കിയിരുന്നു. എന്നാല്‍, ഈ വാക്കുകളൊന്നും പൃഥ്വി ചെവികൊണ്ടില്ലെന്നും മുന്‍ സെലക്ടര്‍ വ്യക്തമാക്കുന്നു.

നേരത്തെ മുന്‍താരം മുഹമ്മദ് കൈഫും പൃഥ്വി ഷായുടെ സമീപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമിതഭാരവും ഫിറ്റ്‌നെസ് ഇല്ലാത്തതും കാരണം അടുത്തിടെ രഞ്ജി ടീമില്‍ നിന്ന് മുംബൈ താരത്തെ മാറ്റിനിര്‍ത്തിയിരുന്നു. താരം കളിച്ച ഐപിഎല്‍ ടീമുകളുടെ മാനേജ്‌മെന്റുകളും പൃഥ്വി ഷായ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

18-ാം വയസില്‍ ടെസ്റ്റില്‍ നേടിയ സെഞ്ചുറിയോടെയാണ് ഇന്ത്യക്കായി പൃഥ്വി ഷാ അരങ്ങേറ്റം നടത്തിയത്. 2021-ലാണ് അവസാനം കളിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമില്‍ ഇടം നേടാനായെങ്കിലും ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.