ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായിരിക്കുകയാണ് ശ്രേയസ് അയ്യര്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നു. ഞായറാഴ്ച നടന്ന താരലേലത്തിൽ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സാണ് ശ്രേയസിനെ സ്വന്തമാക്കിയത്.

To advertise here,

ഐ.പി.എല്‍. ചരിത്രത്തില്‍ ഇതുവരെ കിരീടമില്ലാത്ത ടീമാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ സീസണില്‍ ശിഖര്‍ ധവാനായിരുന്നു ടീമിനെ നയിച്ചത്. അദ്ദേഹം പരിക്കിനെത്തുടര്‍ന്ന് പിന്മാറിയതിന് പിന്നാലെ സാം കറനെ ക്യാപ്റ്റനാക്കി. സാം കറനടക്കമുള്ള താരങ്ങളെ മെഗാലേലത്തിന് മുന്നോടിയായി പഞ്ചാബ് കിങ്‌സ് വിട്ടുകളഞ്ഞു. ഇതോടെ പുതുതായി വരുന്ന താരങ്ങളില്‍നിന്ന് വേണം പഞ്ചാബിന് ക്യാപ്റ്റനെ കണ്ടെത്താന്‍. ശ്രേയസ് അയ്യര്‍ ടീമിലെത്തിയതോടെ അദ്ദേഹം ക്യാപ്റ്റനാവാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

പഞ്ചാബ് കിങ്‌സിനെ കിരീടിത്തിലേക്ക് നയിച്ചാല്‍ അയ്യര്‍ അടുത്ത ഇന്ത്യന്‍ നായകനാകുമെന്ന് പ്രവചിക്കുകയാണ്‌ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. 'ചാമ്പ്യന്‍ഷിപ്പ് വിജയിക്കുന്ന ടീമില്‍നിന്ന് ഇതുവര കിരീടമില്ലാത്ത ടീമിലേക്കാണ് അദ്ദേഹം പോവുന്നത്. ഇത് അദ്ദേഹത്തിന് മനോഹരമായൊരു വെല്ലുവിളിയായിരിക്കും. അദ്ദേഹത്തിന് കിരീടം നേടാന്‍ കഴിഞ്ഞാല്‍, അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുമെന്നതില്‍ എനിക്കൊരു സംശയവുമില്ല', ഉത്തപ്പ പറഞ്ഞു.