അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തിന് മഴഭീഷണി. മത്സരം നടക്കുന്ന അഹമ്മദാബാദില്‍ രസംകൊല്ലിയായി മഴയെത്തുന്നുണ്ട്. വൈകീട്ട് 7:30ന് നടക്കുന്ന കിരീട പോരാട്ടത്തില്‍  റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെയാണ് നേരിടുന്നത്. 

To advertise here,

അഹമ്മദാബാദിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മഴ പെയ്‌തെങ്കിലും ഇപ്പോള്‍ നിലച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 7 മണിക്കും രാത്രി ഒരു മണിക്കും ഇടയില്‍ അഹമ്മദാബാദില്‍ ഇടയ്ക്കിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ മഴ ശക്തമായിരിക്കില്ലെന്നും പ്രവചിക്കുന്നുണ്ട്.

ഇന്നത്തെ മത്സരം മഴ മുടക്കിയാലും റിസര്‍വ് ദിവസമായ ബുധനാഴ്ച കളി നടക്കും. എന്നാല്‍ ബുധനാഴ്ചയും മഴ വില്ലനായി കളി നടത്താന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ പഞ്ചാബ് കിങ്‌സാകും ചാമ്പ്യന്മാരാകുക. കാരണം പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തുവന്ന ടീം പഞ്ചാബാണ്. ഇരുടീമുകള്‍ക്കും 14 കളിയില്‍നിന്ന് 19 പോയിന്റുണ്ടായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബാണ് ഒന്നാംസ്ഥാനത്തുവന്നത്.