ധരംശാല: മുംബൈ ഇന്ത്യൻസിന് ഇനി പ്ലേ ഓഫിൽ കടക്കാനാകില്ലെങ്കിലും പ്ലേ ഓഫ് മോഹികളുടെ വഴിമുടക്കാനാകും. ഐ.പി.എൽ. ക്രിക്കറ്റിൽ വ്യാഴാഴ്ച പഞ്ചാബ് കിങ്‌സിനെ ആറുവിക്കറ്റിന് തോൽപ്പിച്ചപ്പോൾ അതാണ് സംഭവിച്ചത്. ആദ്യ ഏഴു കളികളിൽ ആറും ജയിച്ച് പോയിന്റുപട്ടികയിൽ മുന്നിലായിരുന്ന പഞ്ചാബിന് തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ഇത് പ്ലേ ഓഫ് സാധ്യതകളെ ബാധിക്കും. സ്‌കോർ: പഞ്ചാബ് 20 ഓവറിൽ 200/8. മുംബൈ 19.5 ഓവറിൽ 205/4.

To advertise here,

ഓപ്പണർ റയാൻ റിക്കൾട്ടൺ (23 പന്തിൽ 48) നൽകിയ മിന്നുന്ന തുടക്കം മുതലാക്കി അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച തിലക് വർമയും (33 പന്തിൽ 75*) വിൽ ജാക്‌സും (10 പന്തിൽ 25*) ചേർന്നാണ് മുംബൈക്ക് ഒരു പന്ത് ബാക്കിനിൽക്കേ ആവേശവിജയം സമ്മാനിച്ചത്. രോഹിത് ശർമ 26 പന്തിൽ 25 റൺസ് നേടി. നമൻ ധീർ (9), ഷെർഫെയ്ൻ റുഥർഫോർഡ് (21 പന്തിൽ 20) എന്നിവർക്ക് തിളങ്ങാനായില്ല.

മുംബൈക്ക് ജയിക്കാൻ അവസാന ഓവറിൽ 13 റൺസ് വേണമായിരുന്നു. സേവ്യർ ബാർട്‌ലെറ്റ് എറിഞ്ഞ ഓവറിൽ മൂന്നു സിക്‌സ് നേടി മുംബൈ ജയം പിടിച്ചെടുത്തു. സിക്‌സോടെ തിലക് കളി ജയിപ്പിച്ചു. അവസാന നാലോവറിൽ 52 റൺസ് വേണമെന്നിരിക്കേ, 17-ാം ഓവറിൽ അസ്മത്തുള്ള ഒമർസായ് രണ്ടുറൺ മാത്രം വിട്ടുകൊടുത്ത് വിക്കറ്റും നേടിയതോടെ കളി പഞ്ചാബിന്റെ കൈയിലായിരുന്നു. 18-ാം ഓവറിൽ മാർക്കോ യാൻസ?െനതിരേ തിലക് വർമയും വിൽ ജാക്‌സും ചേർന്ന് രണ്ടു സിക്‌സും രണ്ടു ഫോറും ഉൾപ്പെടെ 22 റൺസടിച്ചതോടെയാണ് ഗതി മാറിയത്. തിലക് ആറു ഫോറും ആറു സിക്‌സും നേടി. ഹാർദിക് പാണ്ഡ്യയും സൂര്യകുമാറും ഇല്ലാത്തതിനാൽ ജസ്പ്രീത് ബുംറയാണ് മുംബൈയെ നയിച്ചത്. റിക്കൾട്ടൺ നാലു സിക്‌സും നാലും ഫോറും നേടി. തിലക് കളിയിലെ താരമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് (32 പന്തിൽ 57), പ്രിയാൻഷ് ആര്യ (17 പന്തിൽ 22), അസ്മത്തുള്ള ഒമർസായ് (17 പന്തിൽ 38), കൂപ്പർ കോന്നോളി (22 പന്തിൽ 21) എന്നിവരാണ് മികച്ച സ്‌കോറിലെത്തിച്ചത്.

ഇംപാക്ട് പ്ലെയറായി ഒൻപതാമനായി ഇറങ്ങിയ മലയാളി ബാറ്റർ വിഷ്ണു വിനോദ് (എട്ടു പന്തിൽ 15*), സേവ്യർ ബാർട്ലറ്റ് (ഏഴു പന്തിൽ 18*) എന്നിവർ സ്‌കോർ 200-ലെത്തിച്ചു. സീസണിൽ വിഷ്ണുവിന്റെ ആദ്യമത്സരമാണിത്. പ്രഭ്സിമ്രാൻ ആറു ഫോറും നാലു സിക്സും നേടി. മുംബൈയ്ക്കുവേണ്ടി ശാർദൂൽ ഠാക്കൂർ നാലുവിക്കറ്റ് നേടി.