കൊളംബോ: ഞായറാഴ്ച ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ഫൈനല്‍ മത്സരത്തിനു മുമ്പ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായും ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.

To advertise here,

ശനിയാഴ്ച കൊളംബോയിലെ ടീം ഹോട്ടലിലായിരുന്നു അനൗദ്യോഗിക കൂടിക്കാഴ്ചയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും ബാറ്റിങ് കോച്ച് വിക്രം റാത്തോറും ചേര്‍ന്നാണ് അനൗദ്യോഗിക കൂടിക്കാഴ്ചയാരംഭിച്ചത്. ബൗളിങ് കോച്ച് പരസ് മാംബ്രെ, മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരും മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു.

ഏഷ്യാ കപ്പ് ഫൈനല്‍ ആസൂത്രണത്തെ കുറിച്ചും വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള സ്‌ക്വാഡ് തിരഞ്ഞെടുപ്പിനെ കുറിച്ചും ചര്‍ച്ചചെയ്യാനാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാ കപ്പിന് ശേഷം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിന് മുമ്പായി ഇന്ത്യ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കും. സെപ്റ്റംബര്‍ 22-ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. രണ്ടാം മത്സരം സെപ്റ്റംബര്‍ 24-ന് മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലാണ്. സെപ്റ്റംബര്‍ 27-ന് ഗുജറാത്തിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടക്കും.

ഈ പരമ്പരയ്ക്ക് ശേഷം ഒക്ടോബര്‍ എട്ടിന് ഓസീസിനെതിരേ ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യമത്സരം.