ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുന്നതിനുള്ള അപേക്ഷ ക്ഷണിക്കലിന്റെ സമയപരിധി അവസാനിച്ചു. പരിശീലകനാവാന്‍ സന്നദ്ധത അറിയിച്ച് മൂവായിരത്തിലധികം അപേക്ഷകളാണ് ബി.സി.സി.ഐ.ക്ക് ലഭിച്ചത്. വെബ്‌സൈറ്റില്‍ നല്‍കിയ ഗൂഗില്‍ ഫോം വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. 

To advertise here,

പരിശീലക ജോലിക്ക് തയ്യാറാണെന്ന് അറിയിച്ച് ബി.സി.സി.ഐ.ക്ക് അയച്ച അപേക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപേക്ഷാ ഫോം ബി.സി.സി.ഐ.യുടെ വെബ്‌സൈറ്റില്‍ എല്ലാവര്‍ക്കും ലഭ്യമായിരുന്നു. വ്യാജ പേരിലും നിരവധി അപേക്ഷകള്‍ വന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് വരെയുണ്ട് അപേക്ഷ സമര്‍പ്പിച്ചവരില്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോനി, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരുടെ പേരിലും വ്യാജ അപേക്ഷകള്‍ നല്‍കി. ഇവയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മേയ് 27-നായിരുന്നു അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.