ധരംശാല: തുടര്‍ച്ചയായ ജയങ്ങളുമായി ഇന്ത്യ നെഞ്ചുവിരിച്ചുനില്‍ക്കുകയാണ്. നാല് മാസം മുമ്പ് ട്വന്റി 20 ലോകകപ്പില്‍ തുടരെ തോറ്റ് നിസ്സഹായരായി നിന്ന കാലം കഴിഞ്ഞു. രണ്ടാം ട്വന്റി 20 മത്സരത്തില്‍ ശനിയാഴ്ച ശ്രീലങ്കയെ നേരിടുമ്പോള്‍ ജയിച്ചുകൊണ്ടിരിക്കുക എന്ന ശീലം മാറ്റാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും താത്പര്യമുണ്ടാവില്ല. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ വൈകീട്ട് ഏഴ് മുതലാണ് മത്സരം.

To advertise here,

ആദ്യമത്സരത്തില്‍ ഇന്ത്യ നേടിയത് ഉജ്ജ്വല ജയമാണ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും മാരകമായ പ്രഹരശേഷി കാട്ടി. കിട്ടുന്ന അവസരങ്ങള്‍ യുവതാരങ്ങള്‍ നന്നായി മുതലാക്കുന്നുണ്ട്. പരിക്കുകാരണമാണ് ഋതുരാജ് ഗെയ്ക്വാദിന് ഈ മത്സരം കളിക്കാനാവാതെ പോയത്. ധരംശാലയില്‍ അദ്ദേഹത്തിന് തിരിച്ചുവരാനാവുമെന്ന് രോഹിത് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷനൊപ്പം ഗെയ്ക്വാദ് ഓപ്പണ്‍ ചെയ്യും. 

വെസ്റ്റിന്‍ഡീസിനെതിരേ ചെയ്തതുപോലെ രോഹിത് വണ്‍ഡൗണാവും. രവീന്ദ്ര ജഡേജയെ തുടര്‍ന്നും ടോപ് ഓര്‍ഡറില്‍ പരിഗണിക്കും. മലയാളിതാരം സഞ്ജു സാംസണ്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടീമിലെത്തിയിട്ടും ബാറ്റിങ്ങിന് അവസരം കിട്ടാത്ത നിര്‍ഭാഗ്യം. ലഖ്നൗവിലേത് നല്ല ബാറ്റിങ് ട്രാക്കായിരുന്നു. സഞ്ജുവിന് അടിച്ചുകളിക്കാമായിരുന്ന അവസരമാണ് നഷ്ടമായത്.