കൊൽക്കത്ത: ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായെങ്കിലും ആഭ്യന്തരക്രിക്കറ്റിൽ വെടിക്കെട്ട് നടത്തി മുൻ നായകൻ സൂര്യകുമാർ യാദവ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് മുംബൈക്കായി സൂര്യകുമാർ അടിച്ചുതകർത്തത്. 21 പന്തിൽ നിന്ന് 60 റൺസെടുത്ത സൂര്യയുടെ ബാറ്റിങ് മികവിൽ മുംബൈ അനായാസം ഹൈദരാബാദിനെ തോൽപ്പിച്ചു. ഹൈദരാബാദ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.

To advertise here,

ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 172 റൺസാണെടുത്തത്. 35 റൺസെടുത്ത അഭിരാത് റെഡ്ഡിയാണ് ടീമിന്റെ ടോപ് സ്‌കോറർ. മുംബൈക്കായി മാക്‌സ്‌വെൽ സ്വാമിനാഥൻ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടേത് തകർപ്പൻ തുടക്കമായിരുന്നു. ഓപ്പണർമാർ അടിച്ചുകളിച്ചതോടെ ടീം മൂന്നോവറിൽ 36 ലെത്തി. ആംഗ്രിഷ് രഘുവംശി 13 പന്തിൽ നിന്ന് 27 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മുഷീർ ഖാനും ഹാർദിക് ടമോറെയും ചേർന്ന് മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. അതോടെ ടീം ഏഴോവറിൽ 85 റൺസെടുത്തു. പിന്നാലെ ഹാർദിക് ടമോറെ പുറത്തായി.

അതിന് ശേഷം ബാറ്റിങ്ങിനിറങ്ങിയ മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വെടിക്കെട്ട് പൂരം നടത്തുന്നതിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വി. റെഡ്ഡിയെറിഞ്ഞ ഒൻപതാം ഓവറിൽ 22 റൺസാണ് സൂര്യ അടിച്ചെടുത്തത്. രണ്ട് വീതം സിക്‌സറും ഫോറും ഓവറിൽ പിറന്നു. പത്താം ഓവറിലും സമാനമായിരുന്നു സ്ഥിതി. മൂന്ന് സിക്‌സറും ഒരു ഫോറും സൂര്യയുടെ ബാറ്റിൽ നിന്ന് പിറന്നു. പിന്നാലെ 15 പന്തിൽ ഫിഫ്റ്റിയും നേടി.

11 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലായിരുന്നു മുംബൈ. അർധസെഞ്ച്വറി തികച്ച മുഷീർ ഖാൻ(51) പുറത്തായെങ്കിലും സൂര്യയും ശിവം ദുബെയും 13.1 ഓവറിൽ കളി തീർത്തു. സൂര്യ 21 പന്തിൽ നിന്ന് 60 റൺസുമായി പുറത്താവാതെ നിന്നു. ആറുഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിങ്‌സ്. മത്സരത്തിലെ താരവും സൂര്യകുമാർ തന്നെയായിരുന്നു.