ലഖ്നൗ: എട്ടുമാസം അകലെ ഓസ്ട്രേലിയയില്‍ ലോകകപ്പ് നടക്കാനിരിക്കെ, ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങളുടെ കൊണ്ടുപിടിച്ച ശ്രമമാണ്. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി സെലക്ടര്‍മാരെ ആകര്‍ഷിക്കാന്‍ അവര്‍ കഠിനപ്രയത്‌നം ചെയ്യുന്നു. ശ്രീലങ്കയ്‌ക്കെതിരായ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ന് തുടങ്ങുമ്പോള്‍ യുവതാരങ്ങളുടെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നു. ആദ്യമത്സരം വൈകീട്ട് ഏഴുമുതല്‍ ലഖ്നൗവില്‍.

To advertise here,

പരിക്കേറ്റ സൂര്യകുമാര്‍ യാദവും ദീപക് ചഹാറും ടീമിന് പുറത്തായിക്കഴിഞ്ഞു. സൂര്യകുമാറിന്റെ കൈയ്ക്ക് നേരിയ പൊട്ടലുണ്ട്. ചാഹറിന് പേശീവലിവും. വിരാട് കോലി, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍ എന്നീ സ്ഥിരംതാരങ്ങളും പരമ്പരയ്ക്കില്ല. ഇതോടെ സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് വഴിയൊരുങ്ങിയേക്കും. സൂര്യകുമാറിന് പരിക്കേറ്റതാണ് സഞ്ജുവിന്റെ സാധ്യത കൂട്ടുന്നത്. രോഹിത് ശര്‍മയുടെ പുതുനായകത്വത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരിയാണ് ഇന്ത്യയുടെ വരവ്. ഫിനിഷര്‍ എന്നനിലയില്‍ വെങ്കടേഷ് അയ്യരുടെ ഉയര്‍ച്ച ഇന്ത്യ ആകാംക്ഷയോടെയാണ് കാണുന്നത്. വിക്കറ്റെടുക്കാനും കഴിയുന്ന വെങ്കി ഒരു തകര്‍പ്പന്‍ ഓള്‍റൗണ്ടറായി വളരുമെന്ന സൂചന നല്‍കിക്കഴിഞ്ഞു.

ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് പ്രതീക്ഷ പകരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത രവി ബിഷ്‌ണോയിയും ഹര്‍ഷല്‍ പട്ടേലും കൂടി ചേരുമ്പോള്‍ ബൗളിങ് നിര ശക്തമാണ്. വെങ്കടേഷ് അയ്യരും ജഡേജയും ഓള്‍റൗണ്ടര്‍മാരായി സ്ഥാനം നേടുമെന്നുറപ്പാണ്. ഓപ്പണറായി രാഹുലിന് പകരം ഋതുരാജ് കളിച്ചേക്കും. ദീപക് ഹൂഡയ്ക്കും ടീമിലിടം ലഭിച്ചേക്കും.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയി, യൂസ്‌വേന്ദ്ര ചാഹല്‍.