ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 288 റൺസ്. രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമാണ് ക്രീസിൽ. 178 പന്തിൽ 12 ഫോറും ഒരു സിക്‌സറും സഹിതം 131 റൺസാണ് ദേവ്ദത്തിന്റെ അക്കൗണ്ടിലുള്ളത്. 36 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറും ഉൾപ്പെടെ ഋഷഭ് 27 റൺസ് എടുത്തിട്ടുണ്ട്.

To advertise here,

രണ്ടാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ രാഹുൽ - ദേവ്ദത്ത് സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 150 റൺസ് ചേർത്തിരുന്നു. 162 പന്തിൽ നിന്ന് 77 റൺസെടുത്ത രാഹുൽ റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. വലതു കൈക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രാഹുൽ മൂന്നാം സെഷനിൽ ബാറ്റിങ്ങിനിറങ്ങിയില്ല. ഇതോടെ ഗിൽ ക്രീസിലെത്തുകയായിരുന്നു. എന്നാൽ ഗില്ലിന് അധികം ആയുസ് ലഭിച്ചില്ല. 28 പന്തിൽ 16 റൺസെടുത്ത് പുറത്തായി

നിർഭാഗ്യകരമായി റണ്ണൗട്ടായ ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 11-ാം ഓവറിൽ കെ.എൽ. രാഹുലുമായുണ്ടായ ആശയക്കുഴപ്പമാണ് ജയ്‌സ്വാളിന്റെ പുറത്താകലിലേക്ക് നയിച്ചത്. കേശാര നുവാന്ത എറിഞ്ഞ പന്ത് സിംഗിളെടുക്കാനായിരുന്നു രാഹുലിന്റെ ശ്രമം. മിഡ് ഓണിലേക്ക് ഷോട്ടടിച്ചയുടനെ തന്നെ രാഹുൽ ഓടി. എന്നാൽ പന്ത് തടയാൻ ശ്രമിച്ച ബൗളറുമായി കൂട്ടിയിടിച്ച് വീണ ജയ്‌സ്വാളിന് ഓടാനിയില്ല. പിന്നീട് എഴുന്നേറ്റുവന്ന് ഓടാനായി ശ്രമിച്ചപ്പോഴേക്കും രാഹുൽ നോൺ സ്ട്രൈക്കേഴ്‌സ് എൻഡിലെത്തിയിരുന്നു. അപ്പോഴേക്കും വിക്കറ്റ് കീപ്പർ ബാറ്റിങ് ക്രീസിലെ ബെയ്ൽസ് ഇളക്കിയിരുന്നു. 37 പന്തിൽ 32 റൺസെടുത്ത് മികച്ച ഫോമിൽ നിൽക്കെയാണ് നിർഭാഗ്യകരമായി ജയ്‌സ്വാൾ പുറത്താകുന്നത്.

ജയ്സ്വാളിന്റെ വിക്കറ്റിനു പിന്നാലെ ക്രീസിൽ ഒന്നിച്ച രാഹുൽ - ദേവ്ദത്ത് സഖ്യം ക്ഷമയോടെ ബാറ്റ് വീശുകയായിരുന്നു. കൂട്ടത്തിൽ രാഹുലാണ് കൂടുതൽ ശ്രദ്ധയോടെ ശ്രീലങ്കൻ ബൗളർമാരെ നേരിട്ടത്. ദേവ്ദത്ത് മികച്ച പന്തുകളിലും റൺസ് കണ്ടെത്തി. ഇരുവരും ഉറച്ചു നിന്നതോടെ ആദ്യ ദിവസത്തെ രണ്ട് സെഷനുകളിലും ആധിപത്യം പുലർത്താൻ ഇന്ത്യയ്ക്കായി.

ഇന്ത്യയുടെ 600-ാം ടെസ്റ്റ് മത്സരമാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്സ്വാൾ, കെ.എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, ധ്രുവ് ജുറെൽ, രവീന്ദ്ര ജഡേജ, മാനവ് സുതാർ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ.