‘ഇന്ത്യൻ ടീമിനായി എല്ലാം നൽകി, എന്റെ രക്തവും വിയർപ്പും സമയവും എല്ലാം. എന്റെ വ്യക്തിപരമായ പ്രകടനവും സ്വന്തം വളർച്ചയുമെല്ലാം മാറ്റിവെക്കേണ്ടി വന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, കാരണം ടീം ഒന്നാമതായിരിക്കണമെന്ന് ഞാൻ വിശ്വസിച്ചു. ഇന്ന് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണ്. എല്ലാവർക്കും നന്ദി...’, സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ആ കുറിപ്പിൽ എല്ലാമുണ്ടായിരുന്നു. ഒരു പതിറ്റാണ്ടോളം ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മുന്നിൽ നിന്ന ഹർമൻപ്രീത് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ ഓർമകളിൽ നിറയുന്നത്രയും സമ്മോഹനമായ നിമിഷങ്ങളാണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ തന്നെ ജാതകം മാറ്റിയെഴുതിയാണ് അവർ ഒഴിയുന്നത്.
‘ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വർഷങ്ങളുടെ ഓർമ്മകളും വികാരങ്ങളും ത്യാഗങ്ങളും, എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകുന്ന നിമിഷങ്ങളും ഇതിലുണ്ട്. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, എനിക്ക് ചില കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നിട്ടുണ്ട്. എല്ലായ്‌പ്പോഴും മനസ്സിലാക്കപ്പെടാത്തതും, അത്ര എളുപ്പമല്ലാത്തതും, ചിലപ്പോൾ വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നിട്ടുള്ളതുമായ തീരുമാനങ്ങൾ. എന്നാൽ ഞാൻ എടുത്ത ഓരോ തീരുമാനത്തിനും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ - ഈ ടീമിനെ മെച്ചപ്പെടുത്തുക.’-ഹർമൻപ്രീത് പറഞ്ഞു.
ഒട്ടും എളുപ്പമായിരുന്നില്ല ഇന്ത്യൻ ക്രിക്കറ്റിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ഹർമൻപ്രീതിന്റെ യാത്ര. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിലകൂടിയ ക്രിക്കറ്റ് കിറ്റുകൾ വാങ്ങാൻ കുടുംബത്തിന് സാധിച്ചിരുന്നില്ല. ഏറ്റവും വിലകുറഞ്ഞ ബാറ്റുകൾ ഉപയോഗിച്ചോ, ചിലപ്പോൾ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചോ ആണ് ആ കൗമാരക്കാരി കളിച്ചു തുടങ്ങിയത്. വിരേന്ദർ സെവാഗിന്റെ ആക്രമണോത്സുക ബാറ്റിങ് കണ്ടാണ് ഹർമൻപ്രീത് ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്നത് തന്നെ. അത് മാത്രമായിരുന്നില്ല നാട്ടുകാരുടെ എതിർപ്പും പരിഹാസവും നേരിടേണ്ടിവന്നു. പെൺകുട്ടിയെ കളിപ്പിച്ചിട്ട് എന്ത് നേടാനാണെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. കളിക്കാൻ ഇറങ്ങുമ്പോൾ "സെവാഗിന്റെ കൂടെ ഓപ്പൺ ചെയ്യാനാണോ ഭാവം?" എന്നും പരിഹാസങ്ങൾ കേൾക്കേണ്ടി വന്നു. ഒരു തവണയല്ല, പലവട്ടം. എന്നാൽ വിമർശനങ്ങളെ വകവെയ്ക്കാതെ മുന്നോട്ടുകുതിച്ചു.
പരിശീലനത്തിനായി ദിവസവും കിലോമീറ്ററുകളോളം യാത്രചെയ്തിട്ടുണ്ട് ഹർമൻപ്രീത്. ക്ലബ്ബ് തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള പിതാവിന്റെ പിന്തുണയുമായാണ് ഹർമൻപ്രീത് മുന്നോട്ടുകുതിക്കുന്നത്. അക്കാദമിയിൽ പരിശീലനത്തിനുള്ള പണമില്ലാത്തത് പ്രതിസന്ധിയിലാക്കി. എന്നാൽ പരിശീലകൻ കമൽദീഷ് സിങ് സോധി സൗജന്യമായി പരിശീലനം നടത്താൻ അവസരം നൽകി. അങ്ങനെയാണ് ആ കൗമാരക്കാരി പ്രൊഫഷണലായി ക്രിക്കറ്റിനെ സമീപിച്ചുതുടങ്ങുന്നത്.
2009 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. പാകിസ്താനെതിരായ ഏകദിന മത്സരത്തിലായിരുന്നു തുടക്കം. അതേവർഷം ജൂണിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ ടി20 ക്രിക്കറ്റിലും കളിച്ചുതുടങ്ങി. പിന്നീടങ്ങോട്ട് ഇന്ത്യൻ ടീമിലെ അനിഷേധ്യസാന്നിധ്യമായി ആ കൗമാരക്കാരി മാറുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. വനിതകളുടെ ബിഗ്ബാഷിലും ഹർമൻപ്രീത് കൂടുമാറി. ഒരു വിദേശ ടി20 ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായും ഹർമൻപ്രീത് മാറി. ഇന്ത്യയുടെ നായകസ്ഥാനത്തുമെത്തിയതോടെ ഹർമൻപ്രീതിന്റെ ക്രിക്കറ്റ് യാത്ര ഉത്തരവാദിത്തം നിറഞ്ഞതുകൂടിയായി. ആദ്യം ഏകദിന ക്യാപ്റ്റനും വർഷങ്ങൾക്ക് ശേഷം ടി20 യുടെ ക്യാപ്റ്റൻ സ്ഥാനത്തും ആ പഞ്ചാബുകാരിയെത്തി. താത്കാലികമായിട്ടായിരുന്നു ആ ചുമതലകളെല്ലാം.
2017 ലെ ഏകദിന ലോകകപ്പിൽ ഹർമൻപ്രീതിന്റെ പ്രകടനം വേറിട്ടുനിന്നു. ഓസീസിനെതിരായ സെമിയിലെ ഇന്നിങ്‌സ് ഹർമൻപ്രീതിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി മാറി. അന്ന് ടീമെടുത്ത 281 റൺസിൽ 171 റൺസും ഹർമൻപ്രീതിന്റെ സംഭാവനയായിരുന്നു. ബാറ്റർമാരെല്ലാം നിരനിരയായി മടങ്ങിയപ്പോഴും ഇന്ത്യയുടെ പ്രതീക്ഷയായി ഹർമൻപ്രീത് ഉറച്ചുനിന്നു. 115 പന്തിൽ നിന്ന് 20 ഫോറുകളുടെയും ഏഴ് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് താരം 171 റൺസ് അടിച്ചെടുത്തത്. ഇന്ത്യ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 245 റൺസിന് പുറത്തായി. ഫൈനലിൽ ഇംഗ്ലണ്ടിനോട് തോറ്റതോടെ കിരീടം നേടാനാവാതെ മടങ്ങി.
ഹർമൻപ്രീതിന്റെ നായകത്വത്തിൽ 2020 ലെ ടി20 ലോകകപ്പിന്റെ ഫൈനലിലുമെത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം എല്ലാ ഫോർമാറ്റിലും ടീമിന്റെ ക്യാപ്റ്റനായി. പിന്നീടങ്ങോട്ട് പരമ്പര വിജയങ്ങളുൾപ്പെടെ ഇന്ത്യ നേടിയ വിജയങ്ങൾക്ക് സമാനതകളില്ല. 2024 ലെ ഏഷ്യാകപ്പും 2025 ലെ ഏകദിന ലോകകപ്പിലും ഇന്ത്യ കിരീടത്തോടെ ചരിത്രമെഴുതി. 2017 ൽ കൈവിട്ട കിരീടം 2025 ൽ ഹർമൻപ്രീത് കൗർ തിരിച്ചുപിടിച്ചു. സെമിയിൽ ഓസീസിനെയും ഫൈനലിൽ ദക്ഷിണാഫ്രിക്കയെയും തകർന്ന് ഹർമൻപ്രീതും സംഘവും വിജയഭേരി മുഴക്കി. ഇന്ത്യയുടെ ആദ്യ ഏകദിന ലോകകപ്പ് ജയം.
ഇന്ത്യക്കൊപ്പം ഏഷ്യൻ ഗെയിംസ് സ്വർണം നേടുകയെന്ന നിയോഗം കൂടി ബാക്കിയുണ്ടായിരുന്നു ഹർമൻപ്രീത് കൗറിന്. ചരിത്രനേട്ടത്തോടെയാണ് ഹർമൻപ്രീത് ജപ്പാനിലെത്തിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 150 മത്സരങ്ങളിൽ ക്യാപ്റ്റനാകുകയെന്ന ചരിത്രനേട്ടം. പിന്നാലെ ഏഷ്യൻ ഗെയിംസ് സംഘത്തെ നയിച്ച ഹർമൻപ്രീത് ഇന്ത്യക്ക് സ്വർണവും നേടിക്കൊടുത്തു. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റിയെഴുതിയ ആ പഞ്ചാബുകാരി ഇനിയൊരു മത്സരത്തിനും ഇന്ത്യയെ നയിക്കാനില്ലെന്ന് കൂടി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ക്യാപ്റ്റനെ ഇന്ത്യ ഉറപ്പായും മിസ് ചെയ്യും.
Content Highlights: Harmanpreet Kaur has officially stepped down as the captain of the Indian women's cricket team., She led India to historic triumphs, including the 2025 ODI World Cup victory and Asian Games gold., Her inspiring journey from humble beginnings to becoming a legendary leader transformed Indian women's cricket.
Published: 06 Oct 2026, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented