ഗോൾ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 165 റൺസിന്റെ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഇടങ്കയ്യൻ സ്പിന്നർ മാനവ് സുതാറുടെ മാന്ത്രിക സ്പിന്നിന് മുന്നിൽ ലങ്കൻ പട മുട്ടുമടക്കിയപ്പോൾ, 600-ാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത് മിന്നുന്ന വിജയം.

To advertise here,

തന്റെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന മാനവ് സുതാർ രണ്ടാം ഇന്നിങ്‌സിൽ 55 റൺസ് വഴങ്ങി വീഴ്ത്തിയ ആറ് വിക്കറ്റുകളാണ് ലങ്കയുടെ നടുവൊടിച്ചത്. ഒന്നാം ഇന്നിങ്‌സിൽ നാലു വിക്കറ്റ് വീഴ്ത്തിയ സുതാർ മത്സരത്തിലാകെ 101 റൺസിന് 10 വിക്കറ്റുകൾ എന്ന നേട്ടം കൈവരിച്ചു. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിർണായകമായ 12 പോയിന്റുകളും ഇന്ത്യ സ്വന്തമാക്കി.

ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ സോണൽ ദിനുഷ 84 റൺസുമായി മുന്നേറവെ, സുതാർ എറിഞ്ഞ 76-ാം ഓവർ കളിയുടെ ഗതി മാറ്റിമറിച്ചു. ആ ഓവറിൽ ദിനുഷയെ പുറത്താക്കിയ സുതാർ, തൊട്ടടുത്ത പന്തിൽ പ്രഭാത് ജയസൂര്യയെയും പിന്നീട് ലഹിരു കുമാരയെയും മടക്കി അയച്ച് ഒരു ട്രിപ്പിൾ വിക്കറ്റ് മെയ്ഡൻ ഓവർ പൂർത്തിയാക്കുകയും ചെയ്തു.

അഫ്ഗാനിസ്താനെതിരെയായിരുന്നു സുതാറിന്റെ ടെസ്റ്റ് അരങ്ങേറ്റം. അരങ്ങേറ്റ ഇന്നിങ്‌സിൽ തന്നെ ആറു വിക്കറ്റുകൾ വീഴ്ത്തിയ സുതാർ അന്നേ വരവറിയിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയ സുതാറായിരുന്നു ആ ടെസ്റ്റിലെ താരം.