ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിന് യു.എ.ഇ.യിൽ തുടക്കമാകുമ്പോൾ കിരീട പ്രതീക്ഷയിൽത്തന്നെയാണ് ടീം ഇന്ത്യ. ഞായറാഴ്ച ആദ്യ മത്സരത്തിൽ തായ്‌ലാൻഡാണ് എതിരാളി. കിരീടം തേടിയുള്ള ഇന്ത്യൻ പെൺപടയുടെ പോരാട്ടം തുടങ്ങുമ്പോൾ പ്രതീക്ഷകൾ പങ്കിട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അൻജും ചോപ്ര ‘മാതൃഭൂമി’യുമായി സംസാരിക്കുന്നു.

To advertise here,

ഇന്ത്യ ലോക ചാമ്പ്യന്മാരായ സംഘമാണ്. ഇത്തവണ അനായാസമായി ടീം ഇന്ത്യ ഏഷ്യാ കപ്പ് നേടില്ലേ

ഇന്ത്യ മികച്ചതാരങ്ങളുടെ സംഘമാണെന്നതിൽ സംശയമില്ല. പക്ഷേ, അതുകൊണ്ടുമാത്രം നമ്മൾ അനായാസമായി കിരീടത്തിലെത്തണമെന്നില്ല. ഇന്ത്യൻ ടീം പലപ്പോഴും മറ്റുള്ളവരേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. നിങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതുവരെ എതിർ ടീമിന്റെ നൈപുണി എന്താണെന്ന് നിങ്ങൾക്കറിയാനും കഴിയില്ല. 2018-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ അവസാന പന്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റപ്പോൾ അതാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ നമുക്ക് ഒരു ടീമിനെയും നിസ്സാരമായി കാണാനാകില്ല.

ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് കളിക്കുന്നത്. ഇത് നമുക്ക് കൂടുതൽ സമ്മർദമുണ്ടാക്കുമോ

തീർച്ചയായും ഇന്ത്യക്ക് സമ്മർദമുണ്ട്, അതുപക്ഷേ, പാകിസ്താന് എതിരെ മാത്രമല്ല, എല്ലാ മത്സരങ്ങളിലും സമ്മർദമുണ്ട്. എല്ലാ മത്സരങ്ങളിലും എല്ലാ ടീമുകളും ഇറങ്ങുന്നത് ജയിക്കാൻ വേണ്ടിത്തന്നെയാണ്.

ഇന്ത്യൻ ടീമിന്റെ ബൗളിങ് നിര ബാറ്റിങ് നിരയോട് താരതമ്യം ചെയ്യുമ്പോൾ ഇനിയും മെച്ചപ്പെടേണ്ടതില്ലേ

കഴിഞ്ഞ കുറേ വർഷമായി ഇന്ത്യയ്ക്ക് ശക്തമായ ബാറ്റിങ് നിരയുണ്ട്. പക്ഷേ, ബൗളർമാർ ഒരുതരം മ്യൂസിക്കൽ ചെയർ പോലെയാണ്. വൈഷ്ണവി ശർമയും പൂജ വസ്ത്രാകറും അമൻജോദും ക്രാന്തിയും അടക്കം മികച്ച ബൗളർമാർ പലരുമുണ്ടെങ്കിലും ബാറ്റിങ്ങിനോട് താരതമ്യം ചെയ്യുമ്പോൾ ബൗളർമാരുടെ സ്ഥിരത കുറവാണ്.

ഇന്ത്യൻ പുരുഷ ടീമിലേക്ക് വൈഭവ് സൂര്യവംശിയെപ്പോലുള്ള കുട്ടികൾ വരുന്നുണ്ടല്ലോ. വനിതാ ടീമിൽ അത് പ്രതീക്ഷിക്കാമോ

ഇന്ത്യൻ വനിതാ ടീമിലും വൈകാതെ ‘വൈഭവ് സൂര്യവംശി’മാർ വരുമെന്നാണ് ഞാൻ കരുതുന്നത്. അത് വേഗത്തിൽ നടന്നില്ലെങ്കിലും അസാധ്യമായ കാര്യമല്ല. 18-കാരി കമാലിനിയും 20-കാരി വൈഷ്ണവിയുമൊക്കെ ഇപ്പോൾ ഇന്ത്യൻ ടീമിലുണ്ട്.