അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2026 ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും നേർക്കുനേർ വരുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം ഒമ്പത് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടെങ്കിലും, ടി20 ലോകകപ്പുകളിൽ ഇതുവരെ കിവീസിനെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്താനാണ് ടീം ലക്ഷ്യമിടുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് അതേ മൈതാനത്ത് ഒരു മധുരപ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണിത്.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന അഹമ്മദാബാദിലെ പിച്ചിൽ ടോസ് ജയിച്ച് ആദ്യം ബാറ്റ് ചെയ്യുന്നവർക്കാണ് മുൻതൂക്കം. ഇവിടെ നടന്ന 14 ടി20 മത്സരങ്ങളിൽ ഒമ്പതിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് വിജയിച്ചത്. ഇന്ത്യയ്ക്ക് കിരീടം ഉറപ്പിക്കണമെങ്കിൽ കുറഞ്ഞത് 190 റൺസെങ്കിലും സ്‌കോർ ബോർഡിൽ എത്തിക്കേണ്ടിവരും. സഞ്ജു സാംസൺ ഓപ്പണിങ്ങിൽ നൽകുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ഈ ലോകകപ്പിലെ നാല് ഇന്നിങ്‌സുകളിൽനിന്നായി 201.73 സ്‌ട്രൈക്ക് റേറ്റിൽ 232 റൺസ് സഞ്ജു നേടിക്കഴിഞ്ഞു. വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരായ നിർണായക മത്സരങ്ങളിൽ സഞ്ജു നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്.
ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. അഹമ്മദാബാദിലെ പിച്ചിൽ പേസർമാർക്കാണ് കൂടുതൽ ആനുകൂല്യം ലഭിക്കുന്നത്; ഇവിടെ ആകെ വീണ വിക്കറ്റുകളിൽ വലിയൊരു ശതമാനവും പേസർമാരുടെ അക്കൗണ്ടിലാണ്. മറുഭാഗത്ത് മിച്ചൽ സാന്റ്‌നർ നയിക്കുന്ന ന്യൂസീലൻഡ് സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഫൈനലിലെത്തിയത്. ഫിൻ അലന്റെ ബാറ്റിങ്ങും രചിൻ രവീന്ദ്രയുടെ ബൗളിങ്ങും ഇന്ത്യയ്ക്ക് ഭീഷണിയായേക്കാം. രാത്രി ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കാൻ 1.32 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം നീലക്കടലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയിച്ചാൽ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.
Content Highlights: India vs New Zealand: T20 World Cup Final Preview and Key Predictions
Published: 08 Mar 2026, 01:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented