കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനൊരുങ്ങുമ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിനെച്ചൊല്ലിയാണ് ആശയക്കുഴപ്പം. പരിക്കിൽനിന്ന് മുക്തനായെത്തിയ ഋഷഭ് പന്ത് വിക്കറ്റ് കീപ്പർ ബാറ്ററായി ഇടംപിടിക്കുമ്പോൾ മികച്ച ഫോമിലുള്ള ജുറെലിന്‌ എവിടെ ഇടം നൽകുമെന്നാലോചിച്ച് തല പുകയ്ക്കുകയാണ് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സംഘവും. പന്തിന്റെ അഭാവത്തിൽ വിൻഡീസിനെതിരായ പരമ്പരയിൽ ജുറെലാണ് കളിച്ചത്. പ്രശ്നപരിഹാരമെന്ന നിലയിൽ ഇരുതാരങ്ങളെയും ആദ്യടെസ്റ്റിൽ കളിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം പേസ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ടീമിൽ നിന്ന് ഒഴിവാക്കി. നീതീഷ് ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരെ കളിക്കുന്ന ഇന്ത്യൻ എ ടീമിനൊപ്പം ചേരും. വെള്ളിയാഴ്ചയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് കൊൽക്കത്തയിൽ ആരംഭിക്കുന്നത്.

To advertise here,

മിന്നും ജുറെൽ

സമീപകാലത്ത് ടെസ്റ്റ് ഫോർമാറ്റിൽ തകർപ്പൻ ഫോമിലാണ് ജുറെൽ. വിൻഡീസിനെതിരെ ആദ്യ ടെസ്റ്റിൽ സെഞ്ചുറിയും രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിൽ 44 റൺസും രണ്ടാമിന്നിങ്‌സിൽ പുറത്താകാതെ ആറുറൺസും നേടിയിരുന്നു. കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്ക എ ടീമിനെതിരേ അനൗദ്യോഗിക ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറിനേടിയതോടെയാണ് സെലക്ടർമാർക്കും മാനേജ്‌മെന്റിനും ജുറെൽ ഒഴിച്ചുകൂടാൻ വയ്യാത്ത താരമായിമാറിയത്. ദക്ഷിണാഫ്രിക്കൻ എ ടീമിൽ കളിച്ച പലതാരങ്ങളും അവരുടെ ടെസ്റ്റ് ടീമിലുണ്ട്. മികച്ചഫോമിലുള്ള ജുറെലിനെ ഒഴിവാക്കുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കും.

പരിക്കു മാറിയെത്തിയ പന്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നന്നായി കളിച്ചിരുന്നു. പന്തിനെ വിക്കറ്റ് കീപ്പറായി കളിപ്പിച്ച് ജുറെലിനെ ബാറ്ററായി ഉൾപ്പെടുത്താനാണ് നീക്കം.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, കെ.എൽ. രാഹുൽ എന്നിവർ ബാറ്റർമാരായി ഇടംപിടിക്കും. സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരെയും പേസർമാരായി ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയും കളിപ്പിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപിനെ ഉൾപ്പെടുത്തിയാൽ വാഷിങ്ടണോ അക്‌സറോ പുറത്തിരിക്കും. ബാക്കിവരുന്ന രണ്ട് സ്ലോട്ടുകളിലാണ് പന്തിനെയും ജുറെലിനെയും പരിഗണിക്കുന്നത്. ഇരുവരും ഒരുമിച്ച് കളിക്കുമെന്ന സൂചനയാണ് ടീമിന്റെ സഹപരിശീലകൻ റയാൻ ടെൻ ഡൊഷേറ്റും നൽകുന്നത്.

സ്പിൻത്രയം

മികച്ച സ്പിൻനിരയുമായി ദക്ഷിണാഫ്രിക്ക വരുന്നതും സ്‌പെഷ്യലിസ്റ്റ് ബാറ്ററെ ഉൾപ്പെടുത്താൻ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നുണ്ട്. കേശവ് മഹാരാജ്-സിമോൺ ഹാർമർ-സെനുറാൻ മുത്തുസാമി എന്നീ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ പാകിസ്താനെതിരായ പരമ്പരയിൽ 33 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ സ്വന്തംനാട്ടിൽ തൂത്തുവാരപ്പെട്ട ഇന്ത്യൻ ടീമിന് ഈ സ്പിൻത്രയം ഭീഷണിയുയർത്തുന്നുണ്ട്.