ഡർബൻ: ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകൾക്കും നിർണായകമാണ്. എന്നാൽ കുപ്രസിദ്ധമായ പന്തുചുരണ്ടൽ വിവാദത്തിനുശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ ഇരുടീമുകളും ടെസ്റ്റ് പരമ്പര കളിക്കുന്നത്. സംഭവത്തിൽ ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ്, ഡേവിഡ് വാർണർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ അന്നത്തെ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അന്ന് സംപ്രേഷണം നിയന്ത്രിച്ചിരുന്ന ആൽവിൻ നൈക്കർ. അന്ന് ഓസീസ് താരങ്ങൾ കുടുങ്ങിയത് സംബന്ധിച്ച് ആൽവിൻ പ്രതികരിച്ചു.
ഓസ്‌ട്രേലിയക്കാർ കുടുങ്ങിയത് തികച്ചും അവിചാരിതമായാണെന്ന് അദ്ദേഹം പറഞ്ഞു. 2018-ലെ പരമ്പര അസ്വാരസ്യങ്ങൾ നിറഞ്ഞാണ് തുടങ്ങിയത്. ഡർബനിലെ ആദ്യ ടെസ്റ്റിലെ പെരുമാറ്റങ്ങൾ കൈവിട്ടുപോയി, തുടർന്ന് പോർട്ട് എലിസബത്തിൽ നടന്ന രണ്ടാം ടെസ്റ്റിലും പ്രശ്നങ്ങൾ തുടർന്നു. എന്നിട്ടും ഞങ്ങൾക്ക് കാര്യം 'മനസ്സിലായില്ല' - നൈക്കർ പറഞ്ഞു. പിന്നാലെ മൂന്നാം ടെസ്റ്റിലെ സംഭവം അദ്ദേഹം വിശദീകരിച്ചു.
‘പന്ത് വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് പോയി, പിന്നീട് ബാൻക്രോഫ്റ്റിന്റെ അടുത്തേക്ക്, അദ്ദേഹം പന്ത് മിനുക്കുകയായിരുന്നു. ആദ്യം അത് അദ്ദേഹത്തിന്റെ പാന്റിലായിരുന്നു, അടുത്ത പന്തിൽ ക്യാമറാമാൻ ബാൻക്രോഫ്റ്റിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു, കാരണം അദ്ദേഹം പാന്റിലല്ല, തന്റെ ഉള്ളംകൈയിൽ പന്ത് ഉരസിക്കൊണ്ടിരിക്കുകയായിരുന്നു.’
‘അദ്ദേഹം പന്ത് എറിഞ്ഞപ്പോൾ കൈ പോക്കറ്റിലിട്ടു. ക്യാമറാമാൻ അദ്ദേഹത്തിന്റെ പോക്കറ്റിലേക്ക് ക്യാമറ സൂം ചെയ്തു. സ്ലോ-മോ ഓപ്പറേറ്റർ അത് നോക്കി, സൂം ഇൻ ചെയ്തപ്പോൾ മഞ്ഞനിറത്തിലുള്ള ഒരു പാട് കണ്ടെന്നും നൈക്കർ വെളിപ്പെടുത്തി. ബാൻക്രോഫ്റ്റ് സ്ക്രീനിലേക്ക് നോക്കി അത് കണ്ടപ്പോൾ, അദ്ദേഹം അത് എടുത്ത് തന്റെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു. ക്യാമറാമാൻ അത് റെക്കോഡ് ചെയ്തു. അത് ലൈവ് ആയിരുന്നില്ല, ഞങ്ങൾ ഒരു റീപ്ലേ കാണിക്കുകയായിരുന്നു.’ – നൈക്കർ പറഞ്ഞു.
2018 മാർച്ച് 24-നായിരുന്നു പന്തുചുരണ്ടൽ വിവാദം നടന്നത്. മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാംദിനമാണ് ഓസ്‌ട്രേലിയൻ താരം കാമറൂൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമത്വം കാണിച്ചത്. ഇത് ടെലിവിഷൻ ക്യാമറയിൽ പിടിക്കപ്പെട്ടു. അന്ന് വൈകീട്ട് പത്രസമ്മേളനത്തിൽ പന്തിൽ കൃത്രിമത്വം കാണിച്ചെന്ന് ബാൻക്രോഫ്റ്റും സ്മിത്തും സമ്മതിച്ചതോടെ സംഭവം കൂടുതൽ വിവാദമായി. പിന്നാലെ വാർണറാണ് സൂത്രധാരനെന്നും വ്യക്തമായതോടെ മൂന്ന് പേർക്കും വിലക്ക് വന്നു.
Content Highlights: Broadcaster Alvin Naicker reveals how the 2018 ball-tampering incident was accidentally caught on camera
Published: 09 Oct 2026, 11:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented