റായ്പുർ: ഏഴു പന്തുകൾക്കിടെ സഞ്ജു സാംസണും അഭിഷേക് ശർമയും മടങ്ങിയപ്പോൾ ന്യൂസീലൻഡ് ആവേശത്തിലായി. ഇന്ത്യൻ ആരാധകർ നിരാശയിലും. എന്നാൽ പിന്നീട് സ്റ്റേഡിയം സാക്ഷിയായത് കിവികളെ പഞ്ഞിക്കിടുന്ന ഇന്ത്യ ബാറ്റിങ് വിരുന്നിനായിരുന്നു. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കിവീസിനെ അടിച്ചൊതുക്കിയ ഇന്ത്യ കുറിച്ചത് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയ്ക്ക് വേണ്ടിവന്നത് 15.2 ഓവറുകൾ മാത്രം. നഷ്ടപ്പെട്ടത് മൂന്ന് വിക്കറ്റുകളും. ജയം 28 പന്തുകൾ ബാക്കിനിൽക്കേ.
ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും ഇന്നിങ്‌സുകളാണ് ജയം അനായാസമാക്കിയത്. നാളുകൾക്ക് ശേഷം ഫോം വീണ്ടെടുത്ത സൂര്യ 37 പന്തിൽ നിന്ന് 82 റൺസോടെ പുറത്താകാതെ നിന്നു. നാല് സിക്‌സും ഒമ്പത് ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. സൂര്യ തന്നെയാണ് ടോപ് സ്‌കോററും. 32 പന്തുകൾ നേരിട്ട ഇഷാൻ നാല് സിക്‌സും 11 ഫോറുമടക്കം 76 റൺസെടുത്തു. 18 പന്തിൽ നിന്ന് 36 റൺസെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെയും കിവി വധത്തിൽ പങ്കാളിയായി.
209 റൺസ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ സഞ്ജു സാംസണിനെ നഷ്ടമായിരുന്നു. ഓവറിലെ രണ്ടാം പന്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട സഞ്ജു അഞ്ചാം പന്തിൽ പുറത്തായി. സഞ്ജുവിന്റെ ക്യാച്ച് ബൗണ്ടറി ലൈനിനടുത്തുനിന്ന് കോൺവേ വിട്ടുകളയുകയും സിക്സറായി മാറുകയും ചെയ്തു. അഞ്ചാം പന്തിൽ പക്ഷേ സഞ്ജു(6) രചിൻ രവീന്ദ്രയുടെ കൈകളിലൊതുങ്ങി. രണ്ടാം ഓവറിൽ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി മടങ്ങി.
എന്നാൽ ഇഷാൻ കിഷന്റെ വെടിക്കെട്ടിനാണ് പിന്നീട് മൈതാനം സാക്ഷ്യം വഹിച്ചത്. കിവീസ് ബൗളർമാരെ തകർത്തടിച്ച ഇഷാൻ ടീം സ്‌കോർ അതിവേഗം ഉയർത്തി. സൂര്യകുമാർ യാദവിനെ ഒരുവശത്ത് നിർത്തി ഒറ്റയ്ക്കാണ് കിഷൻ ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റിൽ ഇഷാൻ - സൂര്യ സഖ്യം വെറും 48 പന്തിൽ നിന്ന് 122 റൺസാണ് അടിച്ചെടുത്തത്. ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ഈ കൂട്ടുകെട്ടാണ്. ഇഷാൻ പുറത്തായ ശേഷമെത്തിയ ദുബെയെ കൂട്ടുപിടിച്ച് സൂര്യ 37 പന്തിൽ 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറിൽ ന്യൂസിലൻഡ് ആറുവിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിരുന്നു. രചിൻ രവീന്ദ്രയും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുമാണ് കിവീസിനായി തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണർ ഡെവോൺ കോൺവേയും ടിം സെയ്ഫേർട്ടും ആദ്യ ഓവറുകളിൽ തന്നെ തകർത്തടിച്ചു. ടീം മൂന്നോവറിൽ 43 റൺസിലെത്തി. ഒൻപത് പന്തിൽ നിന്ന് 19 റൺസെടുത്ത കോൺവേയെ പുറത്താക്കി ഹർഷിത് റാണ കിവീസിന്റെ ആദ്യ വിക്കറ്റ് പിഴുതു. പിന്നാലെ വരുൺ ചക്രവർത്തി ടിം സെയ്ഫേർട്ടിനെയും മടക്കി. 13 പന്തിൽ നിന്ന് 24 റൺസാണ് താരത്തിന്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സും രചിൻ രവീന്ദ്രയും ചേർന്നാണ് പിന്നീട് സ്‌കോറുയർത്തിയത്. ഹർഷിത് റാണയുടെ ആറാം ഓവറിൽ 19 റൺസാണ് കിവീസ് അടിച്ചെടുത്തത്. ഇരുവരും ചേർന്ന് ടീമിനെ എട്ടോവറിൽ 84 റൺസിലെത്തിച്ചു. കുൽദീപ് എറിഞ്ഞ ഒൻപതാം ഓവറിലെ ആദ്യ നാല് പന്തുകളിൽ നിന്ന് 14 റൺസ് അടിച്ചെടുത്ത ഫിലിപ്സ് അഞ്ചാം പന്തിൽ പുറത്തായി. താരം 13 പന്തിൽ നിന്ന് 19 റൺസെടുത്തു.
ക്രീസിൽ നിലയുറപ്പിച്ച രചിൻ രവീന്ദ്ര ഇന്ത്യൻ ബൗളർമാരെ മാറി മാറി പ്രഹരിച്ചതോടെ ടീം 11 ഓവറിൽ 120 റൺസിലെത്തി. ഡാരിൽ മിച്ചൽ 18 റൺസെടുത്ത് പുറത്തായി. പിന്നാലെ 13-ാം ഓവറിൽ രചിൻ രവീന്ദ്രയും കൂടാരം കയറി. 26 പന്തിൽ നിന്ന് രണ്ട് ഫോറുകളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 44 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീട് മിച്ചൽ സാന്റ്നറിന്റെ ഇന്നിങ്സാണ് ടീമിനെ 180 കടത്തിയത്. സാന്റ്നർ 27 പന്തിൽ നിന്ന് 47 റൺസെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ഒടുക്കം 208 റൺസിന് കിവീസ് ഇന്നിങ്സ് അവസാനിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ടുവിക്കറ്റെടുത്തു.
Content Highlights: India vs New Zealand, 2nd T20I
Published: 23 Jan 2026, 10:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented