ന്യൂഡൽഹി: ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയ നായകനായിട്ടും ടീമിലെ സ്ഥാനംതന്നെ നഷ്ടപ്പെടേണ്ടി വന്നയാളാണ് സൂര്യകുമാർ യാദവ്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ കിരീടവിജയങ്ങളിലേക്ക് നയിച്ചെങ്കിലും ബാറ്റിങ്ങിലെ മോശം ഫോമാണ് തിരിച്ചടിയായത്. അതോടെ പകരം ശ്രേയസ് അയ്യരെ ടി20 ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ഇനി സൂര്യകുമാർ ടീമിൽ തിരിച്ചെത്തുമോ എന്ന ചോദ്യം മാത്രമാണ് ബാക്കി. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൂര്യ. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ ടീമിന്റെ മുന്നോട്ടുപോക്കിന് നല്ലതെന്ന് തോന്നുന്ന തീരുമാനമാണ് എടുത്തിട്ടുണ്ടാകുകയെന്നും സൂര്യ വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായുള്ള സംഭാഷണത്തിലാണ് സൂര്യ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

To advertise here,

"എന്റെ പേര് ഇല്ലാതിരുന്നപ്പോൾ ഞാൻ ചിരിച്ചു. കാരണം, ഞാൻ ടീമിനൊപ്പം കളിക്കുമ്പോഴൊക്കെ, സമ്മർദമുള്ള സാഹചര്യങ്ങൾ വരുമ്പോഴും, കാര്യങ്ങൾ എന്റെ രീതിയിൽ പോകാതിരിക്കുമ്പോഴും, ഞാൻ എപ്പോഴും ചിരിക്കാറുണ്ട്. എനിക്ക് നന്നായി കാര്യങ്ങൾ ചെയ്യാനുള്ള അവസരം ലഭിച്ചതിൽ നന്ദിയുണ്ട്. - സൂര്യകുമാർ പറഞ്ഞു.

"ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് ഈ ടീമിനെ രണ്ട് വർഷം കൂടി മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് വിചാരിച്ചത്. ഒളിമ്പിക്സ് വരും. പിന്നെ മറ്റൊരു ടി20 ലോകകപ്പ് വരും. എന്നാൽ നിങ്ങൾ ചിന്തിക്കുന്നതുപോലെയല്ല, മറ്റുള്ളവർ ചിന്തിക്കുന്നത്. മുന്നോട്ട് പോകുമ്പോൾ ഇതാണ് മികച്ച തീരുമാനമെന്ന് അവർ കരുതിയെങ്കിൽ, അവർ ആ തീരുമാനം എടുത്തു. പക്ഷേ ഞാൻ പ്രതികരിച്ചില്ല. കാരണം ഇത് അവരുടെ തീരുമാനമാണെന്ന് എനിക്ക് തോന്നി. ആ നിമിഷത്തിൽ അവർ ആ തീരുമാനം എടുത്തു. വേറൊരാൾക്ക് കീഴിൽ ഈ ടീമിന് നന്നായി ചെയ്യാൻ കഴിയുമെങ്കിൽ, കുഴപ്പമില്ല."

"അവർ തിരഞ്ഞെടുത്ത ടീമിനെ ഞാൻ കണ്ടു. ശ്രേയസിനൊപ്പം ഞാൻ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹം ഒരു നല്ല കളിക്കാരനും നല്ല മനുഷ്യനും നല്ലൊരു ക്യാപ്റ്റനുമാണ്. അതിനാൽ തന്നെ എന്തുകൊണ്ടാണ് അവനെ ക്യാപ്റ്റനാക്കിയതെന്നൊരു ചിന്ത എനിക്കുണ്ടായിരുന്നില്ല. പക്ഷേ, എനിക്ക് ചെറിയൊരു നിരാശയുണ്ടായിരുന്നു. കാരണം രണ്ട് വർഷത്തിനിടയിൽ ഒരു പരമ്പര പോലും തോറ്റിട്ടില്ല. ലോകകപ്പും ഏഷ്യാ കപ്പും നേടിയിട്ടുണ്ട്. അപ്പോൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ആഗ്രഹിക്കും. കാരണം എല്ലാം നന്നായി പോകുമ്പോൾ പിന്നെ എന്തിനാണ് മാറ്റം? മാറ്റത്തിനുള്ള കാരണം എന്താണ്? അത് എന്റെ മനസ്സിൽ കടന്നുപോയ്ക്കൊണ്ടിരുന്നു. ഞാൻ ഒന്നര മാസത്തോളം വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു."-സൂര്യ പറഞ്ഞു.

"ഇത് എങ്ങനെ സംഭവിക്കും? ഇത് എങ്ങനെ സാധ്യമാകും? ഞങ്ങൾ ഇപ്പോൾ ലോകകപ്പ് ജയിച്ചതല്ലേയുള്ളൂവെന്ന് ഞാൻ ചിന്തിക്കുകയായിരുന്നു. ഐപിഎൽ ഞാൻ ആഗ്രഹിച്ചതുപോലെ അത്ര മികച്ചതായിരുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും. സാരമില്ലെന്ന് പറഞ്ഞു. ജീവിതത്തിന്റെ ഒരു ഭാഗം.-അദ്ദേഹം കൂട്ടിച്ചേർത്തു.

"ടീം പ്രഖ്യാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അവർ എന്നെ വിളിച്ചു. മുന്നോട്ട് പോകാനുള്ള സമയമായെന്ന് പറഞ്ഞു. ഞാൻ പ്രതികരിച്ചില്ല. കാരണം അത് എന്റെ തെറ്റല്ല. എന്ത് തീരുമാനമെടുത്താലും, ടീമിന് ഇതാണ് നല്ലതെന്ന് കരുതിയിട്ടുണ്ടാകും. മുന്നോട്ട് പോകുമ്പോൾ, ഇതൊരു നല്ല തീരുമാനമായിരിക്കും. നിങ്ങൾ തീരുമാനം എടുത്തു. അത് എന്നോട് പറഞ്ഞു. ഒരു പ്രശ്നവുമില്ല."

"ഞാൻ തയ്യാറാണ്. നിങ്ങൾക്ക് എപ്പോഴും എന്നെ വിളിക്കാം. ഞാൻ എപ്പോഴും ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഞാൻ തുടർന്നും കളിക്കും. നിങ്ങൾക്ക് എപ്പോഴാണോ ശരിയായ സമയമായെന്ന് തോന്നുന്നത് അപ്പോൾ തന്നെ വിളിക്കാമെന്നും സൂര്യ കൂട്ടിച്ചേർത്തു.