സ്‌ട്രേലിയ എന്താണോ അനുഭവിക്കാനിരിക്കുന്നത് അതാണ് ഇന്ത്യയിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ടോസിടുന്ന നാണയത്തിന്റെ അപ്പുറവും ഇപ്പുറവും പോലെയാണെന്നു മാത്രം. മുപ്പത്തിയാറുകാരൻ മിച്ചൽ സ്റ്റാർക്ക്, മുപ്പത്തിയഞ്ചുകാരൻ ജോഷ് ഹെയ്‌സൽവുഡ്, മുപ്പത്തിമൂന്നുകാരൻ പാറ്റ് കമ്മിൻസ് ഈ മൂന്ന് പേസർമാരിലാണ് ഓസ്‌ട്രേലിയക്ക് ഇപ്പോഴും വിശ്വാസം. ഇവരുള്ളതുകൊണ്ടാണ് ഓസ്‌ട്രേലിയൻ ബാറ്റിങ്ങിന്റെ ദൗർബല്യങ്ങൾ പലപ്പോഴും മറയ്ക്കപ്പെടുന്നതും. ഈ പേസർമാർ വിരമിച്ചാൽ എന്താകും ഓസ്‌ട്രേലിയയുടെ അവസ്ഥ...?

To advertise here,

ടീം ഇന്ത്യ ഇപ്പോൾ അനുഭവിക്കുന്ന പേസ് പ്രതിസന്ധിയായിരിക്കും ഓസ്‌ട്രേലിയയും അഭിമുഖീകരിക്കുക. മുപ്പത്തിരണ്ടുകാരനായ ജസ്പ്രീത് ബുംറയല്ലാതെ ആരുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം പൂരിപ്പിക്കാനായി ശ്രമങ്ങൾ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ, ബുംറയിപ്പോഴും പകരംവെക്കാനില്ലാത്ത പേസറായി തുടരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടയിലും അതിനുശേഷം വരുന്ന ശ്രീലങ്കൻ പര്യടനത്തിലും ബുംറയ്ക്ക് പരിക്കേറ്റ് പിന്മാറേണ്ടിവന്നിരിക്കുന്നു എന്നത് ഉയർത്തുന്ന ആശങ്ക ചെറുതല്ല.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ബൗളിങ് നയിക്കുക മുഹമ്മദ് സിറാജായിരിക്കും. പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, പുതുതായി ടീമിലെത്തിയ ജമ്മു-കശ്മീരിന്റെ ബൗളർ അക്വിബ് നബി എന്നിവരാണ് പേസ് ആക്രമണത്തിലുള്ളത്. ഈ നാലുപേരും ബുംറയ്ക്ക് പകരക്കാരാവുന്നില്ല എന്നതാണ് യഥാർഥ്യം. ഇവരല്ലാതെ പേസ് നിരയെ തിരഞ്ഞെടുക്കുമ്പോൾ പിന്നെയുള്ളത് അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, ഹർഷിത് റാണ, അൻഷുൽ കാംബോജ് എന്നിവരാണ് ഇവരാരുംതന്നെ നിർണായക സമയത്ത് വിക്കറ്റെടുക്കാൻ പ്രാപ്തരാണെന്ന് ഇന്ത്യൻ മാനേജ്‌മെന്റുപോലും വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. ഒറ്റയ്‌ക്കൊരു മത്സരം ജയിപ്പിക്കാൻപോന്നൊരു പേസർ ഇനിയും അവതരിക്കേണ്ടിയിരിക്കുന്നു.

അടുത്തവർഷം ഏകദിന ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും നടക്കുക ദക്ഷിണാഫ്രിക്കയിലെ പേസ് പിച്ചുകളിലാണ്. ഇതുതന്നെയാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നം. അതിനുമുൻപായി ഏറ്റവും മികച്ച പേസ് ആക്രമണനിരയെ അവതരിപ്പിച്ച് അവർക്ക് മത്സരപരിചയം നൽകേണ്ടതുണ്ട്. ഇപ്പോഴത്തെനിലയിൽ ഇന്ത്യക്ക് വിശ്വസിച്ച് പന്തേൽപ്പിക്കാൻ കഴിയുന്നത് സീനിയേഴ്‌സിനെത്തന്നെയാണ്. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരെ ടീമിലേക്ക് തിരികെയെത്തിച്ചാൽ ഇവരും ബുംറയും സിറാജും ചേർന്ന പേസ് ആക്രമണത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ എതിർടീമുകൾ പാടുപെടും. ഇവരിൽ ഒരാളെ പുറത്തിരുത്തി ഹാർദിക് പാണ്ഡ്യയെ ഓൾറൗണ്ടർ എന്നനിലയിൽ പരീക്ഷിച്ചാൽപ്പോലും മികച്ച പേസ് നിരയായിരിക്കും. അർഷ്ദീപ് സിങ്ങിനെ റിസർവിലും ഉൾപ്പെടുത്താവുന്നതാണ്.

മുപ്പത്തിയാറാം വയസ്സിലും മികച്ച കായികക്ഷമത നിലനിർത്തുന്ന ഭുവനേശ്വർ 2026 ഐ.പി.എലിൽ 16 മത്സരത്തിൽനിന്ന് 28 വിക്കറ്റുകളാണ് നേടിയത്. മുപ്പത്തിയാറിലേക്കെത്തുന്ന മുഹമ്മദ് ഷമി 13 മത്സരത്തിൽനിന്ന് 12 വിക്കറ്റുകളും നേടിയിരുന്നു. 2025-26 രഞ്ജിട്രോഫി സീസണിൽ 67 വിക്കറ്റുകളും നേടി. ജമ്മു-കശ്മീരിനെതിരേ സെമിഫൈനലിൽ എട്ടുവിക്കറ്റുകളാണ് ഷമി നേടിയത്.

പേസിൽ മാത്രം ഒതുങ്ങുന്നില്ല ഇന്ത്യയുടെ ബൗളിങ് പ്രശ്‌നം. സ്പിൻ ആക്രമണത്തിലും ഇന്ത്യ ഒരുപാട് ദൂരം പിന്നാക്കംപോയി. രവിചന്ദ്രൻ അശ്വിനുശേഷം മത്സരത്തിന്റെ ഗതിതിരിച്ചുവിടുന്ന ഒരു സ്പിന്നർ ഇന്ത്യക്കില്ലെന്നതാണ് യാഥാർഥ്യം. കുൽദീപ് യാദവിനെ ആ ഗണത്തിലേക്ക് ഉൾപ്പെടുത്താമെങ്കിലും അതിനുതക്ക പ്രകടനമൊന്നും വരുന്നില്ല. മാനവ് സുതർ പ്രതീക്ഷനൽകുന്നുണ്ടെങ്കിലും തെളിയിക്കേണ്ടിയിരിക്കുന്നു. വാഷിങ്ടൺ സുന്ദറും അക്‌സർ പട്ടേലുമെല്ലാം സ്‌ട്രൈക്ക് ബൗളർ എന്നനിലയിലേക്ക് എത്തിയിട്ടുമില്ല. ശ്രീലങ്കയുമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഒന്ന് തോറ്റാൽ പോലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെ അത് ബാധിക്കും. നിലവിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 52 പോയിന്റ് നേടിയ ഇന്ത്യ പോയിന്റ് പട്ടികയിൽ അഞ്ചാമതാണ്.