പുതുച്ചേരി: ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് 49 റൺസ് വിജയം. ഇന്ത്യ എ ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 46.2 ഓവറിൽ 226 റൺസിന് ഓൾഔട്ടായി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച് ഓസ്‌ട്രേലിയ എ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

To advertise here,

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും മികച്ച തുടക്കമാണ് നൽകിയത്. പ്രിയാൻ 45 പന്തിൽ 49 റൺസും പ്രഭ്‌സിമ്രാൻ 34 പന്തിൽ 39 റൺസുമെടുത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ, പിന്നീട് മധ്യഓവറുകളിൽ ഇന്ത്യ തകർച്ച നേരിട്ടു. 35 റൺസെടുക്കുന്നതിനിടയിൽ ഇന്ത്യ എയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ദേവ്ദത്ത് പടിക്കൽ രണ്ട് റൺസും രജത് പാട്ടീദാർ മൂന്ന് റൺസെടുത്തും പുറത്തായി. ഋതുരാജ് ഗെയ്ക്‌വാദ് 33 റൺസിലും ക്രീസ് വിട്ടു.

തുടർന്ന് ഏഴാം വിക്കറ്റിൽ സൂര്യാൻഷ് ഷെഡ്‌ഗെയും വിപ്രജ് നിഗമും 85 റൺസ് കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. സൂര്യാൻഷ് 66 റൺസും വിപ്രജ് 40 റൺസുമെടുത്തു. ഓസ്‌ട്രേലിയ എ ടീമിനായി ബെൻഡ്വാർഷൂയിസും സതർലാൻഡും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ജോഷ് ഫിലിപ്പെ ഓസ്‌ട്രേലിയ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. 38 പന്തിൽ അർധ സെഞ്ചുറി കണ്ടെത്തി. എന്നാൽ, പിന്നീട് ഇന്ത്യൻ സ്പിന്നർമാർ കളി നിയന്ത്രണത്തിലാക്കി. അഞ്ചിന് 186 റൺസ് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയ 226 റൺസിന് ഓൾഔട്ടായി. അവസാന അഞ്ച് വിക്കറ്റുകൾ 27 റൺസിനിടെ വീണു. ഇന്ത്യക്കായി ഗുർജപ്‌നീത് സിങ് മൂന്ന് വിക്കറ്റെടുത്തു. യഷ് ഠാക്കൂർ, നിഷാന്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.