ക്രൈസ്റ്റ്ചര്‍ച്ച്: വിജയത്തിന് അരികില്‍ ഇന്ത്യ എ ടീം ഒരിക്കല്‍ കൂടി വീണു. ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. പൊരുതിക്കളിച്ച ഇന്ത്യയെ അഞ്ചു റണ്‍സിനാണ് കിവീസ് തോല്‍പ്പിച്ചത്. 

To advertise here,

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ ടീം 49.4 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ന്യൂസീലന്‍ഡ് എ ടീം സ്വന്തമാക്കി. 

ഇന്ത്യ ഒരു ഘട്ടത്തില്‍ 39 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലായിരുന്നു. തോല്‍വിയിലേക്കെന്ന് തോന്നിച്ച ഈ നിമിഷത്തില്‍ ഇഷാന്‍ കിഷന്‍-അക്‌സര്‍ പട്ടേല്‍ സഖ്യം ഇന്ത്യക്കായി കൂട്ടുകെട്ടുയര്‍ത്തുകയായിരുന്നു. ഇരുവരും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിന് അരികിലെത്തിച്ചു. 9.2 ഓവറില്‍ 69 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇവര്‍ അടിച്ചെടുത്തത്.

അവസാന 11 പന്തില്‍ 14 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ 49-ാം ഓവറില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആ ഓവറിലെ രണ്ടാം പന്തില്‍ അജാസ് പട്ടേലിന് വിക്കറ്റ് സമ്മാനിച്ച് അക്‌സര്‍ പുറത്തായി. 28 പന്തില്‍ രണ്ടു ഫോര്‍ സഹിതം 32 റണ്‍സാണ് അക്‌സര്‍ നേടിയത്. അടുത്ത മൂന്നു പന്തില്‍ ഒരു ബൗണ്ടറിയടക്കം ഇഷാന്‍ ഏഴ് റണ്‍സെടുത്തു. ഇതോടെ അവസാന ഏഴു പന്തില്‍ ഏഴു റണ്‍സായി വിജയലക്ഷ്യം. മൂന്നു വിക്കറ്റും കൈയിലുണ്ടായിരുന്നു. എന്നാല്‍ 49-ാം ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ചാഹര്‍ പൂജ്യത്തിന് പുറത്തായി.

അവസാന ഓവര്‍ എറിയാനെത്തിയത്‌ കൈല്‍ ജാമിസന്‍. ഈ ഓവറില്‍ സന്ദീപ് വാരിയര്‍, ഇഷാന്‍ പോറെല്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായതോടെ രണ്ട് പന്ത് ശേഷിക്കെ ഇന്ത്യയുടെ ഇന്നിങ്‌ലസ് 265 റണ്‍സിന് അവസാനിച്ചു. 84 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 71 റണ്‍സുമായി ഇഷാന്‍ കിഷന്‍ പുറത്താകാതെ നിന്നു. 

ഓപ്പണിങ് വിക്കറ്റില്‍ പൃഥ്വി ഷായും ഋതുരാജും ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 79 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പൃഥ്വി ഷാ 38 പന്തില്‍ 55 റണ്‍സും ഋതുരാജ് 66 പന്തില്‍ 44 റണ്‍സും നേടി. കിവീസിനായി കൈല്‍ ജാമിസന്‍ നാലു വിക്കറ്റെടുത്തു.

നേരത്തെ 22 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട കിവീസിനെ രക്ഷിച്ചത് മാര്‍ക്ക് ചാപ്മാന്‍ ആണ്. ചാപ്മാന്‍ 98 പന്തില്‍ പത്ത് ഫോറും ഒരു സിക്‌സും സഹിതം 110 റണ്‍സുമായി പുറത്താകാതെ നിന്നു. ടോഡ് ആസില്‍ 65 പന്തില്‍ 56 റണ്‍സുമായി ചാപ്മാന് പിന്തുണ നല്‍കി. ഇരുവരും ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 136 റണ്‍സ് മത്സരത്തില്‍ നിര്‍ണായകമായി. അവസാന ഓവറുകളില്‍ ജാമിസന്റെ പ്രകടനവും കിവീസിനെ തുണച്ചു. ഏഴു പന്തില്‍ 13 റണ്‍സോടെ ജാമിസന്‍ പുറത്താകാതെ നിന്നു. ചാപ്മാനും ജാമിസനും ചേര്‍ന്ന്അവസാന 14 പന്തില്‍ 29 റണ്‍സ് അടിച്ചെടുത്തു.

Content Highlights: India A Team lose to New Zealand A Cricket