ദുബായ്: ഈ വർഷത്തെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) അഭ്യർഥന നിരസിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബുധനാഴ്ച നടന്ന എല്ലാ അംഗങ്ങളും പങ്കെടുത്ത അടിയന്തര ബോർഡ് യോഗത്തിലാണ് തീരുമാനം. 12 ബോർഡ് അംഗങ്ങളിൽ രണ്ടുപേർ ഒഴികെ എല്ലാവരും ടി20 ലോകകപ്പ് ഷെഡ്യൂളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനെതിരേ വോട്ട് ചെയ്തു.

To advertise here,

ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരാൻ കഴിയില്ലെന്ന നിലപാട് തുടർന്നാൽ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ ടൂർണമെന്റിൽ നിന്നുതന്നെ ഒഴിവാക്കി പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്ന് ഐസിസി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. അന്തിമ തീരുമാനം ഐസിസിയെ അറിയിക്കാൻ 24 മണിക്കൂർ സമയമാണ് ബിസിബിക്ക്, ഐസിസി അനുവദിച്ചിരിക്കുന്നത്.

മത്സരത്തിനായി ഇന്ത്യയിലേക്ക് പോകേണ്ടതില്ല എന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചുനിന്നാൽ, പകരം സ്‌കോട്ട്‌ലൻഡ് ടീമിനെ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെങ്കിലും, സ്‌കോട്ട്‌ലൻഡും ഐസിസിയും ഈ വിഷയത്തിൽ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ബംഗ്ലാദേശ് പിന്മാറുന്ന പക്ഷം മറ്റൊരു ടീമിനെ പകരക്കാരായി കൊണ്ടുവരുന്ന കാര്യത്തിൽ ഐസിസി ബോർഡ് യോഗത്തിൽ വോട്ടെടുപ്പ് നടന്നിരുന്നു. ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും പകരക്കാരെ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്.