ഹരാരെ: ടി20 ലോകകപ്പിലെ വേദി മാറ്റം സംബന്ധിച്ച വിഷയത്തിൽ വീണ്ടും വിവാദം. പ്രശ്നപരിഹാരത്തിനായി ബംഗ്ലാദേശിലേക്ക് പോകാനൊരുങ്ങിയ ഐസിസി ഉദ്യോഗസ്ഥന്റെ വിസ നിഷേധിച്ചു. ഇന്ത്യക്കാരനായ ഉദ്യോഗസ്ഥന്റെ വിസ നിഷേധിച്ചതായാണ് പുറത്തുവരുന്ന വിവരം. വിഷയം കൂടുതൽ സങ്കീർണമാക്കുന്നതാണിത്.

To advertise here,

ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടരുന്ന പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചർച്ചയ്‌ക്കൊരുങ്ങിയത്. ഇതിന്റെ ഭാഗമായാണ് രണ്ടംഗ സംഘത്തെ ബംഗ്ലാദേശിലേക്ക് അയക്കാൻ ഐസിസി തീരുമാനിച്ചത്. ബംഗ്ലാദേശിൽ നിന്ന് ബിസിബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തുകയുമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഒരു ഉദ്യോഗസ്ഥന് മാത്രമാണ് വിസ അനുവദിച്ചത്.

ഐസിസിയിലെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി തലവനായ ആൻഡ്രൂ എഫ്‍ഗ്രേവാണ് ബംഗ്ലാദേശിലേക്ക് പോയത്. ജനുവരി 17-ന് ഇദ്ദേഹം തനിച്ച് ബംഗ്ലാദേശിലേക്ക് പോയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ ഇന്ത്യക്കാരനായ മറ്റൊരു ഒഫീഷ്യലിന് സമയബന്ധിതമായി വിസ ലഭിച്ചില്ല. അതോടെ അദ്ദേഹം മടങ്ങി. അനിശ്ചിതത്വം തുടരുന്ന സന്ദർഭത്തിൽ പ്രശ്‌നപരിഹാരത്തിനായാണ് ഐസിസി സംഘത്തെ നിയോഗിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഐസിസിയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

അടുത്തിടെ ബിസിബിയും ഐസിസിയും വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ വീഡിയോ കോൺഫറൻസിലും പ്രശ്നപരിഹാരമുണ്ടായില്ല. അനിശ്ചിതത്വം തുടരുന്ന സന്ദർഭത്തിൽ പ്രശ്‌നപരിഹാരം ഉടനുണ്ടാകണമെന്നാണ് ബോർഡിന്റെയും ഐസിസിയുടെയും നിലപാട്. ലോകകപ്പിൽ തങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ഐസിസിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് കത്തയച്ചിരുന്നു. എന്നാൽ ആവശ്യം ഐസിസി തള്ളി. ടൂർണമെന്റിൽ ബംഗ്ലാദേശ് ടീമിന്റെ പൂർണവും തടസ്സമില്ലാത്തതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഐസിസി ആവർത്തിച്ചെന്നാണ് നേരത്തേ പ്രസ്താവനയിൽ ബിസിബി അറിയിച്ചിരുന്നത്.

ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ്‌ ടി20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. അതോടെ ബംഗ്ലാദേശും മറ്റു നടപടികളിലേക്ക് കടക്കുകയായിരുന്നു.