ദുബായ്: ടി20 ലോകകപ്പ് യുഎസില്‍ നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് നഷ്ടം 167 കോടിയെന്ന് റിപ്പോര്‍ട്ട്. പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇത് പ്രധാന ചര്‍ച്ചാ വിഷയമാകും.

To advertise here,

യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ - പാകിസ്താന്‍ മത്സരത്തിനുള്‍പ്പെടെ വേദിയായത് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയമായിരുന്നു. അപ്രതീക്ഷിത ബൗണ്‍സും മറ്റുമായി ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളായിരുന്നു പലതും. മത്സരങ്ങള്‍ക്കിടെ ചില പന്തുകള്‍ നെഞ്ചൊപ്പം കുത്തിയുയര്‍ന്നപ്പോള്‍ ചിലത് പോയത് ബാറ്റിന് താഴെക്കൂടിയായിരുന്നു. ടി20 ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ ബാറ്റര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്ന പിച്ചുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ പിച്ചുകള്‍ പെരുമാറിയത് തങ്ങള്‍ ഉദ്ദേശിച്ചതുപോലെയല്ലെന്ന് ഐസിസിക്ക് തന്നെ സമ്മതിക്കേണ്ടതായും വന്നിരുന്നു.

ഇതോടെ ടി20 ലോകകപ്പ് സംഘാടനം തന്നെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ലോകകപ്പ് സംഘാടനത്തിലെ പിഴവുകള്‍ക്ക് പിന്നാലെ ഐസിസിയില്‍ കൂട്ടരാജിയുമുണ്ടായി. ടൂര്‍ണമെന്റ് നടത്തിപ്പിന്റെ ചുമതലയുണ്ടയിരുന്ന ക്രിസ് ഡെട്‌ലി, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ് എന്നിവരാണ് രാജിവെച്ചത്.

യുഎസിലെ മത്സരങ്ങളുടെ പേരില്‍ ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ തുക ഇവര്‍ ചെലവഴിച്ചത് അംഗ രാജ്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തിയതില്‍ ഐസിസിക്ക് വലിയ നഷ്ടം നേരിട്ടുവെന്ന് ഈ ഘട്ടത്തില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.