ലാഹോര്‍: അടുത്തവര്‍ഷം പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് ബി.സി.സി.ഐ.യുടെ ഭാഷ്യം. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ യു.എ.ഇ.യിലോ വെച്ച് നടത്തണമെന്നാണ് ബി.സി.സി.ഐ. വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായം. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹൈബ്രിഡ് മോഡല്‍ ഉണ്ടാവില്ലെന്നും ഇന്ത്യ പങ്കെടുത്താലും ഇല്ലെങ്കിലും മത്സരങ്ങള്‍ മുഴുവന്‍ പാകിസ്താനില്‍തന്നെ നടത്തുമെന്നതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.
പി.സി.ബി.യുടെ നിലപാടിന് ചുവടുപിടിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ പാക് ക്രിക്കറ്റ് താരം ഹസന്‍ അലി. ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ലെങ്കില്‍, ഇന്ത്യയില്ലാതെ സ്വന്തം മണ്ണില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ തങ്ങള്‍ സജ്ജമാണെന്ന് ഹസന്‍ അലി പറഞ്ഞു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ രാജ്യവും ബോര്‍ഡും പിന്തുടരുന്ന നയം വേറെയാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താന്‍ ആതിഥ്യം വഹിക്കുകയാണെങ്കില്‍ പാകിസ്താനില്‍വെച്ച് മാത്രമേ മത്സരങ്ങളും നടക്കൂ. ഇന്ത്യ വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരില്ലാതെ കളിക്കുമെന്നും ഹസന്‍ അലി വ്യക്തമാക്കി.
'ഞങ്ങള്‍ (പാകിസ്താന്‍) ഇന്ത്യയില്‍ കളിക്കാന്‍ പോവുന്നുണ്ടെങ്കില്‍ അവര്‍ അതുപോലെ ഇങ്ങോട്ടും വരണം. അഭിമുഖങ്ങളില്‍ നിരവധി ഇന്ത്യന്‍ താരങ്ങളാണ് പാകിസ്താനില്‍ കളിക്കാന്‍ ആഗ്രഹം പറഞ്ഞത്. അതിനാല്‍ ടീം വരാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അര്‍ഥമില്ല. അവര്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, അവര്‍ക്ക് അവരുടെ നയങ്ങളും അവരുടെ രാജ്യവും അവരുടെ ബോര്‍ഡും പരിഗണിക്കേണ്ടതുണ്ട്. പി.സി.ബി. അധ്യക്ഷന്‍ പറഞ്ഞതുപോലെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്നത് പാകിസ്താനാണെങ്കില്‍, കളികള്‍ പാകിസ്താനില്‍മാത്രമേ നടക്കൂ. ഇന്ത്യ വരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ അവരില്ലാതെ കളിക്കും. ഇന്ത്യ പങ്കെടുത്തില്ലെന്നുവെച്ച് ക്രിക്കറ്റ് അവസാനിച്ചു എന്ന് അര്‍ഥമില്ല' - സമാ ടി.വി.ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹസന്‍ അലി വ്യക്തമാക്കി.
ഇതാദ്യമായല്ല ഇന്ത്യ പാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. 2023-ല്‍ പാകിസ്താന്‍ ആതിഥ്യം വഹിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയില്‍വെച്ചാണ് നടന്നത്. എന്നാല്‍ 2023-ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയില്‍ എത്തി. ഇന്ത്യ അവസാനമായി പാകിസ്താന്‍ പര്യടനം നടത്തിയത് 2008-ലാണ്. ഇരുരാജ്യങ്ങളും 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഏറ്റുമുട്ടിയിരുന്നെങ്കിലും പാകിസ്താനായിരുന്നു ജയം. അന്ന് ടൂര്‍ണമെന്റിലെ താരമായിരുന്നു ഹസന്‍ അലി.
Content Highlights: icc champions trophy 2025 india vs pakistan clash
Published: 21 Jul 2024, 10:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented