ലണ്ടൻ: യൂത്ത് ഏകദിനത്തിൽ അതിവേഗ സെഞ്ചുറി തികച്ചതിന് പിന്നാലെ വമ്പൻ പ്രഖ്യാപനവുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടാനാണ് തന്റെ ശ്രമമെന്നും നിശ്ചിത അമ്പത് ഓവർ മുഴുവനായി കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൈഭവ് പറഞ്ഞു. ബിസിസിഐ എക്സിൽ പങ്കുവെച്ച വീഡിയോയിലാണ് വൈഭവ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാനായെന്നും വൈഭവ് പറഞ്ഞു. നൂറും ഇരുന്നൂറും തികച്ചതിന് പിന്നാലെ അദ്ദേഹം ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നു. അതിനാൽ എനിക്കും അതുപോലെ ദീർഘനേരം ബാറ്റുചെയ്യണമെന്നുണ്ട്. കാരണം ഞാൻ പുറത്തായതിന് ശേഷവും 20 ഓവറുകൾ ബാക്കിയുണ്ടായിരുന്നു. - വൈഭവ് പറഞ്ഞു.
ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ 200 റൺസ് നേടാൻ ശ്രമിക്കും. അമ്പത് ഓവർ മുഴുവനായും ബാറ്റുചെയ്യാനാണ് ശ്രമിക്കുക. ഞാൻ റണ്ണെടുക്കുമ്പോൾ അതിന്റെ നേട്ടം ടീമിന് ലഭിക്കുന്നു. അതിനാൽ മുഴുവൻ ഓവറും ബാറ്റ് ചെയ്യാൻ ശ്രമിക്കുമെന്നും വൈഭവ് കൂട്ടിച്ചേർത്തു.
സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരൻ പുതുചരിത്രമെഴുതുകയായിരുന്നു. യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തിൽ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ൽ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുൾ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകർത്തത്. 2013-ൽ സെഞ്ചുറി നേടുമ്പോൾ 14 വർഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവിന് വന്നുചേർന്നു.
Content Highlights: I Will Score 200 next game says Vaibhav Suryavanshi
Published: 06 Jul 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented