മുംബൈ: ലെജന്‍ഡ്‌സ് വേള്‍ഡ് ചാമ്പ്യന്‍സ് ക്രിക്കറ്റിനിടെ ഗ്രൗണ്ടില്‍ യൂസുഫ് പത്താനോട് തര്‍ക്കിച്ച് സഹോദരന്‍ ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യ ചാമ്പ്യന്‍സ് താരങ്ങളായ ഇരുവരും ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സിനെതിരേ നടന്ന മത്സരത്തിലാണ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. മത്സരത്തില്‍ റണ്ണൗട്ടായതാണ് ഇര്‍ഫാന്‍ പത്താനെ പ്രകോപിപ്പിച്ചത്. 

To advertise here,

ഡെയ്ല്‍ സ്‌റ്റെയ്‌നിന്റെ 18-ാം ഓവറില്‍ ഡബിളിന് ശ്രമിക്കുന്നതിനിടെ യൂസുഫ് പത്താനുമായുള്ള ആശയക്കുഴപ്പത്തില്‍ ഇര്‍ഫാന്‍ റണ്ണൗട്ടായി. ഇതില്‍ പ്രകോപിതനായ ഇര്‍ഫാന്‍ സഹോദരനോട് കയര്‍ക്കുകയായിരുന്നു. പിന്നാലെ തന്നെ ഇര്‍ഫാന്‍ സഹോദരന്റെ നെറ്റിയില്‍ ചുംബിച്ച ശേഷം പരസ്പരം ആലിംഗനം ചെയ്തു. 

പന്ത് നിരീക്ഷിച്ച യൂസഫ് ഇര്‍ഫാനോട് എന്‍ഡില്‍ തുടരാന്‍ നിര്‍ദേശിച്ച് ഉയര്‍ത്തിയെങ്കിലും അപ്പോഴേക്കും ഇര്‍ഫാന്‍ പിച്ചിന്റെ പകുതി പിന്നിട്ടിരുന്നു. തുടര്‍ന്ന് പിറകോട്ട് ഓടിയ ഇര്‍ഫാനെ സ്റ്റെയ്ന്‍ സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ദക്ഷിണാഫ്രിക്കന്‍ ചാമ്പ്യന്‍സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം മറികടക്കുന്നതിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് 54 റണ്‍സിന് ജയിച്ച് സെമി ഫൈനല്‍ യോഗ്യത നേടി.