ക്രിക്കറ്റ് മൈതാനത്ത് പലതരത്തിലുള്ള ക്യാച്ചുകൾ കണ്ടിട്ടുണ്ട്. ഓടിയും ചാടിയുമെല്ലാം ഫീൽഡിങ് കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ളവർ ഒട്ടേറെയുണ്ട്. എന്നാൽ ബാറ്ററുടെ ഷോട്ട് മൈതാനത്തിന് പുറത്ത് റോഡിലൂടെ പോകുന്നയാൾ ക്യാച്ചെടുത്താലോ. ഒരു ഉഗ്രൻ ക്യാച്ചിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷോട്ട് കൈപ്പിടിയിലാക്കിയതാകട്ടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ്.

To advertise here,

പാകിസ്താനിലെ സ്വാത് പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൽ ബാറ്റർ ഒരു ഉഗ്രൻ സിക്‌സറടിച്ചു. സിക്‌സറാകട്ടെ ഗാലറിയും കടന്ന് റോഡിലേക്കെത്തി. എന്നാൽ പിന്നീട് അവിശ്വസനീയമായ രംഗങ്ങളാണ് വീഡിയോയിൽ കാണുന്നത്. റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നയാൾ പന്ത് ഒറ്റക്കൈയിൽ കൈപ്പിടിയിലൊതുക്കി. ബൈക്കിന്റെ പിൻസീറ്റിലിരുന്നയാളാണ് ക്യാച്ചെടുത്തത്. ഗാലറിയിലുള്ളവർ അമ്പരപ്പോടെ നിൽക്കുന്നതും വീഡിയോയിൽ കാണാം.

മെഹ്‌റാൻ ഖാൻ എന്നയാളാണ് ഈ തകർപ്പൻ ക്യാച്ചെടുത്തതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. പന്ത് വരുന്നത് കണ്ടയുടനെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനോട് ഇത് താൻ ക്യാച്ചെടുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറയുന്നു. പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണ് മെഹ്‌റാൻ ഖാൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ വൈറലായതോടെ സംഘാടകർ പാരിതോഷികവും പ്രഖ്യാപിച്ചു. പതിനായിരം പാകിസ്താനി രൂപ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.