ഇസ്ലാമാബാദ്: ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇസ്ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് മുമ്പ് നടന്ന ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. പാകിസ്താന്‍ അണ്‍ടോള്‍ഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് ഇന്‍സമാം ഇക്കാര്യം പറയുന്നത്.

To advertise here,

പര്യടനത്തിനിടെ പാക് മതപണ്ഡിതന്‍  താരിഖ് ജമീല്‍ എല്ലാ ദിവസവും പാക് ടീമിന്റ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കാനെത്തുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രഭാഷാണം കേട്ടാണ് ഹര്‍ഭജന് ഇസ്ലാം മതത്തില്‍ ആകര്‍ഷണം തോന്നിയതെന്നും ഇന്‍സമാം പറയുന്നു. നിരവധി പേര്‍ ഈ വീഡിയോ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

''പ്രാര്‍ഥിക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് പ്രത്യേക ചേംബറുണ്ടായിരുന്നു. അവിടെ മുല്ല താരിഖ് ജമീല്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ വിവിധയിടങ്ങളില്‍ നിന്ന് അതിഥികളും ഉണ്ടാകുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, സഹീര്‍ ഖാന്‍ എന്നിവര്‍ പ്രാര്‍ഥനകള്‍ക്കായി എത്താന്‍ തുടങ്ങി. മറ്റ് നാല് ഇന്ത്യന്‍ താരങ്ങള്‍ കൂടി അവര്‍ക്കൊപ്പമുണ്ടാകും. പ്രാര്‍ഥിക്കുന്നത് കാണാന്‍ വേണ്ടി മാത്രമായിരുന്നു അത്. അതിലൊരാള്‍ ഹര്‍ഭജനായിരുന്നു. പ്രാര്‍ഥനയ്ക്ക് ശേഷമുള്ള താരിഖ് ജമീലിന്റെ പ്രഭാഷണം ഹര്‍ഭജനെ ആകര്‍ഷിച്ചിരുന്നു. ഇതോടെയാണ് ഇസ്ലാം മതം സ്വീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം എന്നോട് വെളിപ്പെടുത്തിയത്.'' - ഇന്‍സമാം പറഞ്ഞു.