തിങ്കളാഴ്ച വൈകീട്ട് പ്ലാന്റിലെ മലിനജല സംഭരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്

ചെന്നൈ: തമിഴ്നാട്ടിൽ വിഷവാതക ദുരന്തം. കൃഷ്ണഗിരി ജില്ലയിൽ ഹൊസൂരിന് സമീപമുള്ള ടാറ്റ ഇലക്ട്രോണിക്‌സ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് മൂന്ന് കരാർ തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് പ്ലാന്റിലെ മലിനജല സംഭരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ധർമപുരി ജില്ലയിൽനിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. നെൽകോ എന്ന കരാർ കമ്പനിക്കു കീഴിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
സാരഥി കുമാർ (25), അക്മൽ ബാബു ഭായ് (28), കാവേരി (31) എന്നീ തൊഴിലാളികളാണ് മരിച്ചത്. ടാങ്ക് പരിശോധിക്കുന്നതിനായി ആദ്യം അക്മലാണ് മുകളിലേക്ക് കയറിയത്. തുടർന്ന് ടാങ്കിന്റെ മൂടി തുറന്നപ്പോൾ ഉള്ളിൽനിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഇയാൾ ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട സാരഥി കുമാർ അക്മലിനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ വിഷവാതകം ശ്വസിച്ചതോടെ സാരഥിയും ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കാവേരി ഫാക്ടറിയിലെ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു. പിന്നാലെ ടാങ്കിനുള്ളിൽ വീണ രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിച്ച കാവേരിയും വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ടാങ്കിനുള്ളിലേക്ക് വീഴുകയായിരുന്നു.
ഉള്ളുക്കുറുക്കൈ ഗ്രാമത്തിന് സമീപമുള്ള കമ്പനിയുടെ മേരി ഗോൾഡ് ഫാക്ടറിയിൽ വൈകീട്ട് 05:10-ഓടെയായിരുന്നു അപകടം. റായക്കോട്ടൈ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ഫാക്ടറിയിലെ ബിഎംബി-3 വിഭാഗത്തിൽനിന്ന് പുറത്തുവരുന്ന മലിനജലം ശേഖരിക്കുന്ന നാനോ ഫിൽട്ടർ (എൻഎഫ്) ടാങ്കാണ് തൊഴിലാളികൾ വൃത്തിയാക്കിക്കൊണ്ടിരുന്നത്. രണ്ട് മാസത്തിലൊരിക്കൽ മാറിമാറി തൊഴിലാളികളെ നിയോഗിച്ചാണ് ഈ ശുചീകരണപ്രവർത്തനം നടത്തുന്നതെന്നാണ് വിവരം.
ഫാക്ടറിയിലെ സുരക്ഷാ വിഭാഗം പിന്നീട് മൂന്നുപേരെയും ടാങ്കിൽനിന്ന് പുറത്തെടുത്തു. ഫാക്ടറി വളപ്പിലുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമശുശ്രൂഷ നൽകിയശേഷം ഉടൻ ഫാക്ടറിയുടെ ആംബുലൻസിൽ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു.
സംഭവമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന് പിന്നാലെ, വ്യാവസായിക മലിനജല ടാങ്കുകൾ വൃത്തിയാക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. അപകടസാധ്യതയുള്ളതും അടച്ചിട്ടതുമായ ഇടങ്ങളിലേക്ക് തൊഴിലാളികൾ നേരിട്ട് ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കാൻ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും അപകടം വിരൽ ചൂണ്ടുന്നു. ടാങ്കിനുള്ളിൽ വിഷവാതകം ഉണ്ടോയെന്ന് മുൻകൂട്ടി പരിശോധിച്ചിരുന്നോ, ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ തൊഴിലാളികൾക്ക് നൽകിയിരുന്നോ, അപകടമുണ്ടായാൽ രക്ഷപ്പെടുത്താനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമമെന്ന ആവശ്യങ്ങളും ഉയർന്നിട്ടുണ്ട്.
Content Highlights: Three contract workers tragically died after inhaling toxic gas while inspecting a wastewater tank at the Tata Electronics plant in Hosur, Tamil Nadu, raising serious concerns regarding industrial safety protocols.
Published: 10 Nov 2026, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented