ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും പരിചയ സമ്പന്നനായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ അവഗണിക്കുന്ന ടീം മാനേജ്‌മെന്റിനെതിരേ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഇന്ത്യ ജേതാക്കളായ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് പരിക്കു കാരണം ടീമില്‍ നിന്ന് പുറത്താകുകയായിരുന്നു. എന്നാല്‍ പരിക്കുമാറി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുകയാണ് ഷമി. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ബംഗാളിനായി കളിക്കുന്ന ഷമി ഇതുവരെ ഒമ്പതു വിക്കറ്റുകള്‍ നേടി. അവസാന മത്സരത്തില്‍ 13 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി കളിയിലെ താരമാകുകയും ചെയ്തു.

To advertise here,

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഫോമിലുള്ള ഷമിയെ അവഗണിച്ച ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ ഭാജി വിമര്‍ശിച്ചത്. നല്ല ബൗളര്‍മാരെ മാനേജ്‌മെന്റ് സ്ഥിരം അവഗണിക്കുകയാണെന്ന് ഭാജി പറഞ്ഞു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യ നേടിയ കൂറ്റന്‍ സ്‌കോറിനെതിരേ മികച്ച കളി പുറത്തെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. ആദ്യ മത്സരത്തില്‍ 350 റണ്‍സ് പിന്തുടര്‍ന്ന് 17 റണ്‍സിന് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ 359 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇന്ത്യന്‍ പേസര്‍മാരായ പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞു. ഒരു ഘട്ടത്തില്‍ പോലും പ്രോട്ടീസ് ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല.

ഷമി എന്തുകൊണ്ടാണ് കളിക്കാത്തതെന്ന് ഹര്‍ഭജന്‍ ചോദിക്കുന്നു. പ്രസിദ്ധ് നല്ല ബൗളറാണെങ്കിലും ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. നിങ്ങള്‍ക്ക് നല്ല ബൗളര്‍മാരുണ്ടായിരുന്നു. പക്ഷേ പതിയെ നിങ്ങള്‍ അവരെ തഴഞ്ഞു. ബുംറയുണ്ടെങ്കില്‍ ഇന്ത്യന്‍ ബൗളിങ് വ്യത്യസ്തമാണ്. ഇല്ലെങ്കില്‍ തിരിച്ചും. ജസ്പ്രീത് ബുംറയില്ലാതെ മത്സരങ്ങള്‍ ജയിക്കേണ്ട കല നമ്മള്‍ പഠിക്കേണ്ടതുണ്ടെന്നും ഭാജി ചൂണ്ടിക്കാട്ടി.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മത്സരം ജയിപ്പിക്കാന്‍ പോന്ന ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വേണ്ടത്രയില്ലെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടില്‍ ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുംറ കളിക്കാത്ത എല്ലാ ടെസ്റ്റുകളിലും ഇന്ത്യ വിജയിച്ചു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു. അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണെന്നും ഭാജി പറയുന്നു.