മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 യിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ മാനേജ്മെന്റിന് നേരെ വൻ വിമർശനം. മത്സരത്തിൽ ഇന്ത്യൻ പരിശീലകന്റെ തന്ത്രം പാളിയെന്നാണ് ആരാധകർ വിലയിരുത്തുന്നത്. മൂന്നാം നമ്പറിൽ അക്​സർ പട്ടേലിനെ ഇറക്കിയതും ശുഭ്മാൻ ഗിൽ പരാജയമായതും തോൽവിക്ക് കാരണമായി വിലയിരുത്തപ്പെടുന്നു. അഭിഷേക് ശർമ-സഞ്ജു സാംസൺ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചെഴുതിയതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിന് അർഹതപ്പെട്ട അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം എന്തുതെറ്റാണ് ചെയ്തതെന്നും ഉത്തപ്പ ചോദിച്ചു.

To advertise here,

"അഭിഷേക് ശർമയും സഞ്ജു സാംസണും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് മാറ്റാൻ മാത്രം അവർ എന്തു വലിയ തെറ്റാണ് ചെയ്തത് ? ടി20 ടീമിൽ സഞ്ജുവിന് അവസരം ലഭിക്കുന്നതിന് മുൻപേ ഗിൽ ടി20 ടീമിൽ ഉണ്ടായിരുന്നുവെന്നാണ് സൂര്യ പറഞ്ഞത്. എന്നാൽ സഞ്ജുവിന് അവസരം ലഭിച്ചപ്പോൾ മൂന്ന് സെഞ്ചുറികൾ നേടി. ടി20 ക്രിക്കറ്റിൽ യുവതാരങ്ങളിൽ ആദ്യമായി സെഞ്ചുറി നേടിയത് അവനായിരുന്നു. അതിനു ശേഷമാണ് അഭിഷേകിനും പിന്നാലെ തിലകിനും അവസരം ലഭിച്ചത്- ഉത്തപ്പ പറഞ്ഞു.

"കളിച്ച് തെളിയിച്ച ഒരു ഓപ്പണറാണ് സഞ്ജു. അഭിഷേക് ശർമ്മയുടെ ശരാശരിക്ക് തൊട്ടുതാഴെയാണ് ശരാശരി. എന്നിട്ട് അദ്ദേഹത്തെ മിഡിൽ ഓർഡറിലേക്ക് മാറ്റാനും പിന്നീട് പതിയെ പുറത്താക്കാനും തീരുമാനിച്ചു. അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്? അതാണ് എന്റെ ചോദ്യം. അയാൾക്ക് ആ അവസരം അർഹതപ്പെട്ടതാണ്.”- ഉത്തപ്പ കൂട്ടിച്ചേർത്തു.

വിവിധ കോണുകളിൽ നിന്ന് ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് വിമർശനങ്ങളുയരുന്നുണ്ട്. സഞ്ജുവിനെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. ഇന്ത്യയ്ക്കായി ടി20 ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ സഖ്യം ക്ലിക്കായി നില്‍ക്കുമ്പോളാണ് ശുഭ്മന്‍ ഗില്ലിനെ ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്ന് സഞ്ജുവിനെ ഓപ്പണിങ്ങില്‍ നിന്നു മാറ്റി ഗില്ലിനെ അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാല്‍, ഒരു ടി20 ഓപ്പണര്‍ക്കൊത്ത പ്രകടനം താരത്തിന് കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല, ഒരു ബാറ്ററെന്ന നിലയില്‍ തന്നെ പരാജയമാകുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20-യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗില്‍ പുറത്താകുകയായിരുന്നു. നേരത്തേ കട്ടക്കിലെ ആദ്യ മത്സരത്തിലും ഓപ്പണറായി ഇറങ്ങി പരാജയപ്പെട്ടു. അന്ന് രണ്ട് പന്തില്‍ നിന്ന് നാലു റണ്‍സെടുത്തായിരുന്നു മടക്കം. താരം ടി20 ഫോര്‍മാറ്റിന് യോജിച്ച ആളേ അല്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു. യശസ്വി ജയ്സ്വാള്‍, സഞ്ജു തുടങ്ങി കഴിവുള്ള താരങ്ങള്‍ക്ക് ഗില്‍ കാരണം അവസരം നഷ്ടമാകുകയാണെന്ന വിമര്‍ശനവും ആരാധകര്‍ പങ്കുവെച്ചു.