ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് പുരുഷ ടീമിന്റെ അടുത്ത മുഖ്യ പരിശീലകനായി മുന്‍ താരം ഗൗതം ഗംഭീര്‍ വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുത്തതോടെ ഗംഭീറിലെ 'പരിശീലകന്‍' വലിയ തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ടീം ഇന്ത്യയുടെ പരിശീലകനായി ഗംഭീര്‍ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്. 

To advertise here,

അണിയറയില്‍ അത്തരം ചില നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗംഭീറിനെ ഇന്ത്യയുടെ പരിശീലകനായി നിശ്ചയിച്ചതാണെന്നും പ്രഖ്യാപനം ഉടന്‍ വരുമെന്നും ബി.സി.സി.ഐ. ഉന്നതവൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു ഐ.പി.എല്‍. ടീമുടമ പറയുന്നു. ദേശീയ മാധ്യമമായ ക്രിസ്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. വിവിധ വശങ്ങളിലൂടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

പരിശീലകനെന്ന നിലയില്‍ പേരെടുത്ത വ്യക്തിത്വമാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയെ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു. ഇക്കാര്യങ്ങളെല്ലാം ഗംഭീറിന് അനുകൂലമാണ്. അതിനിടെ ഇന്ത്യന്‍ പരിശീലകനായി അപേക്ഷ സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ. അനുവദിച്ച സമയപരിധി അവസാനിച്ചു. മേയ് 27 ആയിരുന്നു അവസാന തീയതി.