മുംബൈ: മുൻ ഓപ്പണർ ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായേക്കും. ചൊവ്വാഴ്ച ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിന്റെ വിവരങ്ങൾ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടിട്ടില്ല. മുൻ ഇന്ത്യൻതാരം ഡബ്ല്യു.വി. രാമൻ ഉൾപ്പെടെയുള്ളവരുമായും അഭിമുഖം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഗംഭീറിനാണ് സാധ്യതയെന്നാണ് സൂചന.
അപേക്ഷിക്കുകയാണെങ്കിൽ തന്നെ നിയമിക്കണമെന്നും സഹ അംഗങ്ങളായി താൻ നിർദേശിക്കുന്നവരെ തിരഞ്ഞെടുക്കണമെന്നും ഗംഭീർ ക്രിക്കറ്റ് ബോർഡിനുമുന്നിൽ ചില ഉപാധികൾ വെച്ചിരുന്നു. ഇത് ബി.സി.സി.ഐ. അംഗീകരിച്ചതായാണ് സൂചന. ഗംഭീറിന്റെ അടുത്ത സുഹൃത്തായ ജോണ്ടി റോഡ്‌സ് ഫീൽഡിങ് കോച്ചായേക്കും. മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും.
58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.
കോച്ചാകാൻ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാംഗർ, സ്റ്റീഫൻ ഫ്ളെമിങ് തുടങ്ങിയവരെ ക്ഷണിച്ചിട്ടില്ലെന്നും ഇവരാരും സമീപിച്ചിട്ടില്ലെന്നുമാണ് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായുടെ വിശദീകരണം. കഴിഞ്ഞവർഷംനടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയായിരുന്നു ദ്രാവിഡിന്റെ കാലാവധിയെങ്കിലും ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥനമാനിച്ച് ടി-20 ലോകകപ്പുവരെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ തുടരുകയായിരുന്നു.
Content Highlights: gautam gambhir to become coach of indian cricket team
Published: 19 Jun 2024, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented