വേഗത കൊണ്ട് ഒരുകാലത്ത് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച ബൗളറാണ്‌ സിംബാബ് വെയുടെ പേസറായ ഹെൻറി ഒലോങ്ക.  1998-ലെ ത്രിരാഷ്ട്ര പരമ്പരയിലെ ഒലോങ്കയും സച്ചിനുമായുള്ള പോര് പ്രത്യേകിച്ച് ഇന്ത്യക്കാരുടെ മനസ്സിലുണ്ടാകും.

To advertise here,

1999 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും ഒറ്റ റണ്‍ പോലും വഴങ്ങാതെ പിഴുതെടുത്ത് സിംബാബ് വെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ച പേസ് ബോളര്‍ ഹെൻറി ഒലോങ്കയുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലാണ്.

ഓസ്‌ട്രേലിയയില്‍ അറിയപ്പെടുന്ന ഗായകനായ ഒലോങ്ക ഇപ്പോള്‍ പാര്‍ട് ടൈം പെയിന്ററും കൂടിയാണ്. ഓസ്‌ട്രേലിയയിലെ മ്യൂസിക് റിയാലിറ്റി ഷോകളില്‍ പ്രത്യക്ഷപ്പെട്ട ഒലോങ്ക സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വരെ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നടന്ന അഡലെയ്ഡില്‍ ഇത്തവണ ചിത്രകാരനായിട്ടാണ് ഒലോങ്ക പ്രത്യക്ഷപ്പെട്ടത്. 2015-മുതല്‍ അഡലെയ്ഡില്‍ ഉണ്ട് ഒലോങ്ക. പെയിന്ററായും പരിശീലകനായും അമ്പയറായും പലവേദികളിലും ഒലോങ്ക പ്രത്യക്ഷപ്പെടും.

'ഞാന്‍ ഓസ്‌ട്രേിലയയെ സ്‌നേഹിക്കുന്നു. ഒരു ഓസ്‌ട്രേലിയക്കാരിയെ വിവാഹം കഴിച്ചു. ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ട്' ഒലോങ്ക സ്‌പോര്‍ട്‌സ്റ്റാറിനോട് പറഞ്ഞു.

കലയുടെ ലോകത്തേക്കുള്ള തന്റെ ചുവടുവെപ്പിനെക്കുറിച്ച്  അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,'എനിക്ക് എല്ലായ്‌പ്പോഴും അത് ചെറിയതോതില്‍
വശമുണ്ടായിരുന്നു, ഞാന്‍ അതിനെ വ്യത്യസ്തമോ വിചിത്രമോ ആയി കണ്ടിട്ടില്ല. എനിക്ക് എല്ലായ്‌പ്പോഴും വൈവിധ്യം ഇഷ്ടമായിരുന്നു. ഒരു കാര്യം മാത്രം ചെയ്യുന്നത് എനിക്ക് ബോറടിക്കും'.

സിംബാബ്വെയില്‍ പ്രസിഡന്റായിരുന്ന റോബര്‍ട്ട് മുഗാബെയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയത് അദ്ദേഹത്തെ രാജ്യത്ത് വിമതനാക്കി മാറ്റി. സഹതാരം ആന്‍ഡി ഫ്‌ളവറുമൊത്തെ മുഗാബെയുടെ നയങ്ങളില്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ച ഒലോങ്ക ഇംഗ്ലണ്ടിലേക്ക് കുടിയേറി. പത്ത് വര്‍ഷത്തിന് ശേഷം 2015-ല്‍ അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് മാറുകയായിരുന്നു.