ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സെൻ വില്യംസ് ലഹരിമരുന്നുപയോഗത്തിന് ചികിത്സയിലാണെന്ന് സിംബാബ്‌വെ ക്രിക്കറ്റ്. ഇനി ദേശീയ ടീമിനായി കളിക്കില്ല. ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ലഹരിമരുന്നിന്റെ പിടിയിലാണെന്നും പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായും താരംതന്നെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ഭരണസമിതിയുടെ നടപടി. കൊക്കെയ്ന്‍ ഉപയോഗിച്ചത് സമ്മതിച്ചതിനെത്തുടര്‍ന്ന് ഇതിന് മുന്‍പും അദ്ദേഹം ലഹരിവിമുക്ത ചികിത്സയ്ക്ക് വിധേയനായിട്ടുണ്ട്.
ഹരാരെയില്‍ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പ് ആഫ്രിക്ക ക്വാളിഫയര്‍ 2025-ല്‍നിന്ന് വില്യംസ് അടുത്തിടെ പിന്മാറിയിരുന്നു. 'ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിനിടെ, താന്‍ ലഹരിമരുന്ന് ഉപയോഗത്തിനെതിരേ മല്ലിടുകയാണെന്നും സ്വമേധയാ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിച്ചതായും വില്യംസ് വെളിപ്പെടുത്തി' എന്ന് സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചു. മുന്‍കാലങ്ങളിലെ അച്ചടക്ക പ്രശ്‌നങ്ങളും തുടര്‍ച്ചയായി ടീമില്‍നിന്ന് വിട്ടുനിന്നതും ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിച്ചു. സൂക്ഷ്മ വിലയിരുത്തലിന് ശേഷം വില്യംസിനെ ഇനി ടീമിലെടുക്കേണ്ടെന്നാണ് തീരുമാനം. പുനരധിവാസത്തിന് തയ്യാറായതിനെ അഭിനന്ദിക്കുന്നുവെന്നും സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചു.
സിംബാബ്‌വെയ്ക്കായി രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറാണ് സെൻ വില്യംസിന്റേത്. രാജ്യത്തിനായി വിവിധ ഫോര്‍മാറ്റുകളില്‍ 273 മത്സരങ്ങള്‍ കളിച്ചു. 2005-ല്‍ അരങ്ങേറ്റം കുറിച്ച താരം 9,000 റണ്‍സും 150-ലധികം വിക്കറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം സിംബാബ്‌വെ ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും സിംബാബ്‌വെ ക്രിക്കറ്റ് അറിയിച്ചു.
Content Highlights: Sean Williams Steps Down from Zimbabwe National Team for Rehabilitation
Published: 05 Nov 2025, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented