ബര്‍മിങ്ങാം: ബർമിങ്ങാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. 608 റൺസാണ് ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത്.ഇന്ത്യ 427-6 ന് രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്സിലും സെഞ്ചുറിയോടെ മുന്നിൽ നിന്ന് പടനയിച്ച നായകൻ ശുഭ്മാൻ ഗില്ലാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഗിൽ 161 റൺസെടുത്തു. രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ അർധസെഞ്ചുറി തികച്ചു. ചരിത്രത്തിലാദ്യമായി എഡ്ജ്ബാസ്റ്റണിൽ ജയിക്കുക എന്ന ലക്ഷ്യമാണ് ഗില്ലിനും സംഘത്തിനും മുന്നിലുള്ളത്. നാലാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. കരുണ്‍ നായരും കെ.എല്‍. രാഹുലുമാണ് ക്രീസിലുണ്ടായിരുന്നത്. 32 റണ്‍സ് ചേര്‍ത്തതിന് പിന്നാലെ ടീമിന് കരുണ്‍ നായരെ നഷ്ടമായി. 26 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ക്രീസിലിറങ്ങിയത്. രാഹുലും ഗില്ലും ഇന്ത്യയെ നൂറുകടത്തി. 126 റണ്‍സില്‍ നില്‍ക്കേ രാഹുലും പുറത്തായി. 55 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.
പിന്നാലെയിറങ്ങിയ ഋഷഭ് പന്ത് അടിച്ചുകളിച്ചതോടെ ഇന്ത്യന്‍ ലീഡ് 350 കടന്നു. ഒപ്പം ഗില്ലും ചേർന്നതോടെ ഇന്ത്യ കുതിച്ചു. പന്ത് അര്‍ധസെഞ്ചുറിയും തികച്ചു. എന്നാൽ 65 റണ്‍സെടുത്ത് താരം പുറത്തായതോടെ ഇന്ത്യ 236-4 എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ ജഡേജയുമൊത്ത് ഗില്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. ടീം മുന്നൂറ് കടന്നതിന് പിന്നാലെ ഗില്‍ സെഞ്ചുറിയും തികച്ചു.
അഞ്ചാം വിക്കറ്റിൽ 175 റൺസിന്റെ കൂട്ടുകെട്ടാണ് ജഡേജയും ഗില്ലും പടുത്തുയർത്തിയത്. ശേഷം 161 റണ്‍സില്‍ ഗില്ലിനെ പുറത്താക്കി ഷൊയ്ബ് ബാഷിറാണ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഒരു റണ്‍ മാത്രമെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡിയും പുറത്തായതോടെ ഇന്ത്യ 412-6 എന്ന നിലയിലേക്ക് വീണു. പിന്നാലെ ഇന്ത്യ 427 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 608 റണ്‍സായി. ജഡേജയും(69) വാഷിങ്ടണ്‍ സുന്ദറും(12) പുറത്താവാതെ നിന്നു.
അതേസമയം ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 407 റൺസാണെടുത്തത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 180 റൺസിന്റെ ലീഡും സ്വന്തമായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ നിന്ന് മൂന്നൂറ് റൺസ് കൂട്ടുകെട്ടിലൂടെ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തുമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ഒടുക്കം ബ്രൂക്കിനെ(158) പുറത്താക്കി ആകാശ്ദീപാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്മിത്ത് 184 റൺസോടെ പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറുവിക്കറ്റെടുത്തു.
നായകന്‍ ശുഭ്മാന്‍ ഗിൽ മുന്നിൽ നിന്ന് പടനയിച്ചപ്പോൾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്കോർ സ്വന്തമായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസാണ് അടിച്ചെടുത്തത്. തകര്‍പ്പന്‍ ഇരട്ട സെഞ്ചുറിയുമായി ഗിൽ(269) ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി. ഗില്ലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റൻ സ്കോർ സമ്മാനിച്ചത്. യശസ്വി ജയ്സ്വാളും(87) ജഡേജയും(89) അർധസെഞ്ചുറി തികച്ചു.
ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ നായകനാണ് ഗില്‍. മൻസൂർ അലി ഖാൻ പട്ടൗഡിയാണ് ഇരട്ട സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ നായകന്‍. ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോറാണിത്. ഗില്ലിന് പുറമേ സുനില്‍ ഗാവസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍.
Content Highlights: England vs India 2nd Test live updates
Published: 05 Jul 2025, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented