ഗയാന: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച വെസ്റ്റിന്‍ഡീസ് വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. 41-ാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് താരത്തിന്റെ തീരുമാനം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്ന ബ്രാവോയ്ക്ക് സെന്റ് ലൂസിയ കിങ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റിരുന്നു. ഇതോടെ ലീഗില്‍ തുടര്‍ന്ന് കളിക്കാന്‍ സാധിക്കാതെ പുറത്തായതിനു പിന്നാലെയാണ് ബ്രാവോ ഇന്‍സ്റ്റാഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 21 വര്‍ഷത്തോളം നീണ്ടുനിന്ന കരിയറാണ് ബ്രാവോ അവസാനിപ്പിച്ചത്.

To advertise here,

അതേസമയം വെള്ളിയാഴ്ച പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രാവോയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടുത്ത സീസണില്‍ ടീമിന്റെ മെന്ററായി പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ബ്രാവോയുടെ നിയമനം. ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെയാണ് നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞത്.

ടി20 ചരിത്രത്തില്‍ പകരംവെയ്ക്കാനില്ലാത്ത റെക്കോഡിന് ഉടമയാണ് ബ്രാവോ. ദേശീയ ടീമിനും വിവിധ ഫ്രാഞ്ചൈസികള്‍ക്കുമായി 582 ടി20 മത്സരങ്ങളില്‍ നിന്ന് 631 വിക്കറ്റുകള്‍ താരം വീഴ്ത്തി. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരവും ബ്രാവോ തന്നെ. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരവും ബ്രാവോയാണ്. 2021-ല്‍ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയ ബ്രാവോ ഐപിഎല്‍, ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം വിവിധ ടീമുകള്‍ക്കായി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത താരമാണ്.