ലോര്‍ഡ്സ്: മങ്കാദിങ് എന്ന പുറത്താക്കല്‍ രീതിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മാന്യതനല്‍കിയതും നിയമവിധേയമാക്കിയതും ഏതാനും ദിവസംമുമ്പാണ്. ഈ രീതി റണ്ണൗട്ട് ആയാവും പരിഗണിക്കുകയെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു. പക്ഷേ, ഇംഗ്ലീഷ് താരം ഷാര്‍ലി ഡീനിനെ ഇന്ത്യന്‍ ബൗളര്‍ ദീപ്തി ശര്‍മ ഈവിധം പുറത്താക്കിയതോടെ മങ്കാദിങ്ങിനെച്ചൊല്ലി ക്രിക്കറ്റ് ലോകം വീണ്ടും ഭിന്നിക്കുന്നു. ഇന്ത്യന്‍ ആരാധകര്‍ ദീപ്തിയ്ക്ക് പിന്തുണനല്‍കുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കലിപ്പിലാണ്.

To advertise here,

മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലെ 44-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. ദീപ്തി പന്തെറിയാനെത്തുമ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡിലുണ്ടായിരുന്ന ഷാര്‍ലി, ക്രീസ് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതു മനസ്സിലാക്കിയ ദീപ്തി ബൗളിങ് നിര്‍ത്തി ഷാര്‍ലിയെ റണ്ണൗട്ടാക്കി. അതോടെ ഇംഗ്ലണ്ട് ഓള്‍ഔട്ട്. ഇന്ത്യക്ക് 16 റണ്‍സ് ജയം.

170 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിന് 118 റണ്‍സിനിടെ ഒമ്പത് വിക്കറ്റ് നഷ്ടമായിരുന്നു. അവസാന വിക്കറ്റില്‍ ഷാര്‍ലിയും (47) ഫ്രേയ ഡേവിസും (10*) ചേര്‍ന്ന് 35 റണ്‍സെടുത്ത് ഇംഗ്ലണ്ടിന് ഒരു വിസ്മയവിജയം സമ്മാനിക്കുമെന്ന പ്രതീതിയുണര്‍ത്തിയിരുന്നു. ആ സമയത്താണ് ദീപ്തിയുടെ 'കടുംകൈ'. ഇന്ത്യന്‍നിരയില്‍ ആഹ്ലാദമൊന്നുമുണ്ടായില്ല. ജൂലാന്‍ ഗോസ്വാമിക്ക് ജയത്തോടെ ഒരു വിടവാങ്ങല്‍ നല്‍കിയതിന്റെ ഭാവമൊന്നും തുടക്കത്തിലുണ്ടായില്ല. അതേസമയം, ഫ്രേയയുടെ തോളില്‍ച്ചാരി ഷാര്‍ലി കരയുകയായിരുന്നു.

ഇംഗ്ലീഷ് താരങ്ങളായ ജയിംസ് ആന്‍ഡേഴ്സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം ബില്ലിങ്സ് തുടങ്ങിയവര്‍ ഈ പുറത്താക്കലിനെ വിമര്‍ശിച്ചു. ദീപ്തി പന്ത് റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ ഷാര്‍ലിയുടെ ബാറ്റ് ക്രീസിലുണ്ടായിരുന്ന ചിത്രം ആന്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തു. അതേസമയം, കളി കണ്ടുപിടിച്ച ഇംഗ്ലീഷുകാര്‍ നിയമം മറക്കുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് പ്രതികരിച്ചത്. ഈ രാവില്‍ ഒരു പുതിയ ബൗളിങ് ഹീറോ എന്ന് രവിചന്ദ്ര അശ്വിന്‍ അഭിപ്രായപ്പെട്ടു.

ഇത് കുറ്റമല്ല, കളിയുടെ ഭാഗം - ഹര്‍മന്‍പ്രീത്

ദീപ്തി ശര്‍മ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കളിയുടെ ഭാഗമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഐ.സി.സി.യുടെ നിയമമനുസരിച്ചുള്ള റണ്ണൗട്ട് മാത്രമാണത്. ദീപ്തിക്ക് ഞങ്ങളുടെ പിന്തുണയുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് ദീപ്തി ബോധവതിയായിരുന്നു എന്നത് പ്രധാനമാണ് - ഹര്‍മന്‍പ്രീത് പറഞ്ഞു.

മങ്കാദിങ് എന്ന തൊന്തരവ്

മങ്കാദിങ് എന്ന തൊന്തരവ് ഇന്ത്യന്‍ ക്രിക്കറ്റിന് അത്യാവശ്യം ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. ഈ രീതിയിലുള്ള പുറത്താക്കല്‍ ആദ്യം നടത്തിയത് മുന്‍ ഇന്ത്യന്‍ താരം വിനു മങ്കാദാണ്. 1947-48 കാലത്ത് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലായിരുന്നു സംഭവം. രണ്ടാം ടെസ്റ്റില്‍ ബില്‍ ബ്രൗണിനെ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ പുറത്താക്കി. അന്നുമുതല്‍ ഇങ്ങനെയുള്ള പുറത്താകലുകള്‍ മങ്കാദിങ് എന്ന പേരില്‍ അറിയപ്പെട്ടു. 2019 ഐ.പി.എലില്‍ കിങ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന രവിചന്ദ്ര അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വിവാദമായി. അതിനെച്ചൊല്ലി വന്‍ കോലാഹലങ്ങള്‍ നടന്നു. 2020 ഐ.പി.എലില്‍ ആര്‍.സി.ബി. താരം ആരോണ്‍ ഫിഞ്ചിന് അശ്വിന്‍ 'മങ്കാദിങ് മുന്നറിയിപ്പ്' നല്‍കിരുന്നു. അശ്വിന്‍ പന്ത് റിലീസ് ചെയ്യുംമുമ്പേ ഫിഞ്ച് ക്രീസ് വിട്ടിരുന്നു. എന്നാല്‍, അശ്വിന്‍ പുറത്താക്കിയില്ല. മങ്കാദിങ് ഒരു പ്രശ്‌നമാണ് എന്ന് മനസ്സിലാക്കിയാണ് ഐ.സി.സി. അടുത്തിടെ ചട്ടങ്ങള്‍ പുതുക്കിയത്. അത് അടുത്തമാസം ആറിനാണ് പ്രാബല്യത്തില്‍വരുക. അതിനുമുമ്പേയാണ് വനിതാക്രിക്കറ്റില്‍ നടന്ന മങ്കാദിങ് സജീവചര്‍ച്ചയാകുന്നത്.