കൊച്ചി: ബാറ്റിങ് വെടിക്കെട്ടുകളിലൂടെ ട്വന്റി-20 ക്രിക്കറ്റ് മൈതാനങ്ങളെ പൂരപ്പറമ്പാക്കിയ വെസ്റ്റിൻഡീസിന്റെ ഇതിഹാസതാരം ക്രിസ് ഗെയ്ൽ കേരളത്തിലെത്തുന്നു. ഇത്തവണത്തെ കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ഓഗസ്റ്റ് 17-ന് ക്രിസ് ഗെയ്ൽ കേരളത്തിലെത്തുമെന്നാണ് സൂചന. കേരള ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയെന്ന മേൽവിലാസത്തിലാണ് ഗെയ്ൽ പറന്നെത്തുന്നതെങ്കിലും ആ വരവിൽ കേരള ക്രിക്കറ്റിനുതന്നെ പ്രതീക്ഷകളേറെയാണ്. ലീഗിന്റെ ഈ സീസൺമുതൽ കേരളത്തിൽനിന്നുള്ള മികച്ച ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ വളർത്തിയെടുക്കുന്നതിലും ഗെയ്‌ലിന്റെ സജീവമായ ഇടപെടലുകളുണ്ടാകും. ഗെയ്ൽ നേതൃത്വം നൽകുന്ന ഗ്രാസ് റൂട്ട് ലെവൽ അടക്കമുള്ള പരിശീലന പരിപാടികളുടെ വിശദവിവരങ്ങൾ ബ്ലൂ ടൈഗേഴ്‌സ് അധികൃതർ വൈകാതെ പ്രഖ്യാപിക്കും.

To advertise here,

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഉടമയായ സുഭാഷ് മാനുവലിന്റെ തലയിലുദിച്ച ആശയമാണ് ക്രിസ് ഗെയ്‌ലിന്റെ വരവ് യാഥാർഥ്യമാക്കിയത്. ലണ്ടനിൽ താമസിക്കുന്ന സുഭാഷ് അതിനായി പലതവണ ക്രിസ് ഗെയ്‌ലിനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഗെയ്‌ലിന്റെ മാനേജർമാരുമായി ആദ്യം സംസാരിച്ച സുഭാഷിന് പല ശ്രമങ്ങൾക്കുശേഷമാണ് അദ്ദേഹത്തെ നേരിട്ടുകാണാൻ അവസരം ലഭിച്ചത്. ലണ്ടനിൽനടന്ന കൂടിക്കാഴ്ചയിൽ കേരള ക്രിക്കറ്റ് ലീഗിനെയും ബ്ലൂ ടൈഗേഴ്‌സിനെയും പറ്റി ഗെയ്‌ലിനോട് സംസാരിച്ച സുഭാഷ്, ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു സാംസണിന്റെ കാര്യവും ഓർമ്മിപ്പിക്കാൻ മറന്നില്ല. ആദ്യം കേരളത്തിലേക്കുള്ള വരവിനെപ്പറ്റി ഒന്നുകൂടി ആലോചിക്കണമെന്നു പറഞ്ഞ ഗെയ്ൽ പിന്നീട് അതിയായ താത്പര്യത്തോടെ സമ്മതിക്കുകയായിരുന്നെന്നാണ് സുഭാഷ് പറഞ്ഞത്.

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കുള്ള കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും പ്രഖ്യാപിച്ചതും ക്രിസ് ഗെയ്‌ലായിരുന്നു. ഇതോടൊപ്പം ‘വൺസ് എ ബ്ലൂ ടൈഗേഴ്‌സ്, ഓൾവെയ്‌സ് എ ബ്ലൂ ടൈഗേഴ്‌സ്’ എന്ന പുതിയ ടീം സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം.

ഞാൻ വരും, നിങ്ങളുണ്ടാകണം - ക്രിസ് ഗെയ്ൽ

കഴിഞ്ഞ സീസണിൽ ബ്ലൂ ടൈഗേഴ്‌സിനെ കിരീടത്തിലേക്കു നയിച്ച സാലി സാംസണിന്റെ നേതൃപാടവവും ബേസിൽ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നതിൽ സംശയമില്ല. ഈ കൂട്ടുകെട്ടിൽ ടീമിന് പൂർണവിശ്വാസമുള്ളതിനാൽ കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലൂ ടൈഗേഴ്‌സിന്റെ അടക്കമുള്ള മത്സരങ്ങൾ നേരിട്ടുകാണാൻ ഞാൻ തിരുവനന്തപുരം ഗ്രീൻഫീൽഡിലെത്തും. നിങ്ങളെല്ലാം അവിടെയുണ്ടാകണം.