ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരേ ഗാബയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് യുവനിര ചരിത്രജയം നേടിയതിനു പിന്നാലെ കമന്ററി ബോക്‌സില്‍ വികാരാധീനനായി വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ.

To advertise here,

ഏവരും എഴുതിത്തള്ളിയ വിന്‍ഡീസിന്റെ യുവനിര കരുത്തരായ ഓസീസിനെ അവരുടെ കോട്ടയില്‍ വെച്ച് തകര്‍ത്തതിനു പിന്നാലെ ലാറ കണ്ണീരണിഞ്ഞുകൊണ്ടാണ് കമന്ററി പൂര്‍ത്തിയാക്കിയത്. 27 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് വെസ്റ്റിന്‍ഡീസ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചിരിക്കുന്നത്.

നാലാം ദിനത്തില്‍ എട്ടു റണ്‍സിന്റെ ജയമാണ് വിന്‍ഡീസ് നേടിയത്. 216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 207 റണ്‍സിന് വിന്‍ഡീസ് എറിഞ്ഞിട്ടു. ഏഴു വിക്കറ്റുകള്‍ വീഴ്ത്തിയ യുവതാരം ഷമാര്‍ ജോസഫിന്റെ ബൗളിങ്ങാണ് വിന്‍ഡീസിന് ആവേശജയം സമ്മാനിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ പരമ്പരയുടെ താരമാകാനും ഷമാറിനായി. ഗാബ ടെസ്റ്റിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ഷമാറിന് തന്നെ.

ജോഷ് ഹെയ്‌സല്‍വുഡിന്റെ കുറ്റി തെറിപ്പിച്ച് ഷമാര്‍ ജോസഫ് വിന്‍ഡീസിന്റെ ജയം കുറിച്ചതോടെ കമന്ററി ബോക്‌സില്‍ സഹ കമന്റേറ്റര്‍ ആദം ഗില്‍ക്രിസ്റ്റിനെ ആലിംഗനം ചെയ്താണ് ലാറ ആഹ്ലാദം പ്രകടിപ്പിച്ചത്. വിന്‍ഡീസ് ക്രിക്കറ്റിലെ വലിയ ദിനമാണിതെന്നും ലാറ കൂട്ടിച്ചേര്‍ത്തു. 1997-ല്‍ പെര്‍ത്തിലായിരുന്നു വിന്‍ഡീസിന്റെ ഓസീസ് മണ്ണിലെ അവസാന ടെസ്റ്റ് ജയം. അന്ന് ലാറ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.