ലണ്ടൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെപ്പോലെയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്കെന്ന് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. കോലിയെപ്പോലെ മികച്ച ക്യാപ്റ്റനായി സ്റ്റോക്ക്സ് വളരുമെന്നും നാസർ ഹുസൈൻ പറയുന്നു.

To advertise here,

'കോലിയെപ്പോലെയാണ് സ്റ്റോക്ക്സും എല്ലാ കാര്യങ്ങളും ചെയ്യുന്നത്. മണിക്കൂറിൽ 100 മൈൽ വേഗത്തിൽ. അതുകൊണ്ട് സ്റ്റോക്ക്സും മികച്ച ക്യാപ്റ്റനായി വളരുമെന്നാണ് ഞാൻ കരുതുന്നത്.' സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു നാസർ ഹുസൈൻ.

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത് ബെൻ സ്റ്റോക്ക്സാണ്. നിലവിലെ ക്യാപ്റ്റൻ ജോ റൂട്ടിന് പകരക്കാരനായാണ് സ്റ്റോക്ക്സിനെ തിരഞ്ഞെടുത്തത്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് റൂട്ട് അവധിയെടുത്തതോടെയാണ് സ്റ്റോക്ക്സിന് നറുക്ക് വീണത്.

പകരക്കാരൻ ക്യാപ്റ്റൻ എന്ന നിലയിൽ സ്റ്റോക്ക്സിന് ഞാൻ എല്ലാ പിന്തുണയും നൽകുന്നു. ഇത് ശരിയായ തിരഞ്ഞെടുപ്പാണ്. ജോ റൂട്ടിന്റെ വിശ്വസ്തനുമാണ് സ്റ്റോക്ക്സ്. ജീവിതകാലം മുഴുവൻ ഇത് താൻ തുടരേണ്ട ജോലിയാണെന്ന നിലയിലുള്ള ഒരു ചിന്തയും സ്റ്റോക്ക്സിന് ഇല്ല. നാസർ ഹുസൈൻ കൂട്ടിച്ചേർത്തു.

ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും കളിക്കുന്ന ഓൾറൗണ്ടറാണ് സ്റ്റോക്ക്സ് എന്നും അതുകൊണ്ടുതന്നെ ജോലിഭാരം കൂടുതലായിരിക്കുമെന്നും നാസർ ഹുസൈൻ ചൂണ്ടിക്കാട്ടുന്നു. വരാൻ പോകുന്ന ഐ.പി.എൽ സ്റ്റോക്ക്സിന്റെ തിരക്ക് ഇനിയും കൂട്ടുമെന്നും ഇതുകൊണ്ടൊന്നും ഇംഗ്ലീഷ് ഓൾറൗണ്ടറെ എഴുതിത്തള്ളാനാകില്ലെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറയുന്നു.

ഇംഗ്ലണ്ടിന്റെ 81-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനും ആൻഡ്രു ഫ്ളിന്റോഫിന് ശേഷം ക്യാപ്റ്റനാകുന്ന ആദ്യ ഓൾറൗണ്ടറുമാണ് സ്റ്റോക്ക്സ്. ബുധനാഴ്ച്ച സതാംപ്റ്റണിലാണ് വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതൽ മത്സരം സോണി സിക്സിൽ തത്സമയം കാണാം.

Content Highlights: Ben Stokes is a bit like Virat Kohli, says Nasser Hussain